ഇഹ്തിറാസ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ ഖത്തറിലേക്ക് വരാനാവില്ല

ദോഹ: ഖത്തറിലേക്ക് വരുന്ന മുഴുവന്‍ യാത്രക്കാരും യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ഇഹ്തിറാസ് വെബ്സൈറ്റില്‍ (https://www.ehteraz.gov.qa/) മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ നിലവില്‍ വന്നതായി ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് അറിയിച്ചു. ഇന്നലെ മുതല്‍ നിലവില്‍ വന്ന പുതിയ യാത്രാ നിബന്ധനകളുടെ ഭാഗമായാണിത്. ആവശ്യമായ രേഖകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു കഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് വെബ്സൈറ്റില്‍ കാണിക്കും.

വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെ വരുന്ന എല്ലാവര്‍ക്കും മുന്‍കൂര്‍ രജിസ്ട്രേഷന്‍ ബാധകമാണ്. ഇഹ്തിറാസ് വെബ്സൈറ്റില്‍ സ്വന്തമായി ഒരു അക്കൗണ്ട് ഉണ്ടാക്കിയ ശേഷം വ്യക്തിഗത വിവരങ്ങളും ആരോഗ്യ വിവരങ്ങളും നല്‍കുകയാണ് ചെയ്യേണ്ടത്. ഖത്തറിലെത്തുന്നതിന് 12 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള സമയത്തിനിടയിലാണ് ഇത് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.

ഖത്തറിലേക്ക് വരുന്ന പൗരന്‍മാരും പ്രവാസികളും അവരുടെ ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കണം. ജിസിസി പൗരന്‍മാരാണെങ്കില്‍ പാസ്പോര്‍ട്ട് നമ്പര്‍ നല്‍കിയാല്‍ മതി. അതേപോലെ സന്ദര്‍ശക വിസയില്‍ വരുന്നവര്‍ പാസ്പോര്‍ട്ട് നമ്പറും വിസ നമ്പറും നല്‍കണം. വ്യക്തിഗത വിവരങ്ങള്‍ നല്‍കിയ ശേഷം ഏത് വാക്സിനാണ് സ്വീകരിച്ചതെന്നും രണ്ടാമത്തെ ഡോസ് എപ്പോഴാണ് എടുത്തതെന്നുമുള്ള വിവരങ്ങളും അപ് ലോഡ് ചെയ്യണം. കൊവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവരാണെങ്കില്‍ അവസാനമായി രോഗം ബാധിച്ച തീയതിയും ചേര്‍ക്കണം.

അതോടൊപ്പം പാസ്പോര്‍ട്ട് കോപ്പി, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, പിസിആര്‍ നെഗറ്റീവ് റിസല്‍ട്ട് എന്നിവയും അപ് ലോഡ് ചെയ്യണം. പൂര്‍ണമായി വാക്സിന്‍ എടുക്കാത്തവരും റെഡ് കാറ്റഗറി രാജ്യത്തു നിന്നുള്ളവരിലും ക്വാറന്റൈന്‍ കഴിയുന്നതിനുള്ള ഹോട്ടല്‍ റിസര്‍വേഷന്‍ വിവരങ്ങളും രജിസ്ട്രേഷന്‍ വേളയില്‍ നല്‍കണം. ഈ വിവരങ്ങളും രേഖകളുമെല്ലാം നല്‍കിക്കഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ സ്വീകരിച്ചോ അതോ എന്തെങ്കിലും നടപടിക്രമങ്ങള്‍ ബാക്കിയുണ്ടോ എന്ന കാര്യം വെബ്സൈറ്റില്‍ നിന്ന് അറിയാനാവും. ഖത്തറില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസം വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

 

Top