കാറില്‍ കഞ്ചാവ് കടത്തിയ സംഭവം; ഒരാള്‍ പിടിയില്‍

മലപ്പുറം: കാറില്‍ കഞ്ചാവ് കടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കാളികാവ് പൂങ്ങോട് മുടപ്പിലാശേരി മാമ്പറമ്പ് വീട്ടില്‍ ശ്രീയേഷ് (22) ആണ് പിടിയിലായത്. കൂടെയുണ്ടായിരുന്ന കേസിലെ ഒന്നാം പ്രതി നീലാഞ്ചേരി കിളിക്കുന്ന് സ്വദേശി കൂരിയോടന്‍ രാഹുല്‍ (24) ഓടി രക്ഷപ്പെട്ടു.

മുടപ്പിലാശേരി ഭാഗത്ത് വൈകുന്നേരം നടത്തിയ പരിശോധനയ്ക്കിടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ട മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ശ്രദ്ധയില്‍പ്പെട്ടത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ രാഹുല്‍ ഓടി രക്ഷപ്പെട്ടു. കാര്‍ കസ്റ്റഡിയിലെടുത്തു.

പിടിച്ചെടുത്ത കഞ്ചാവ് ഒരു കിലോയില്‍ താഴെ ആയതിനാല്‍ ശ്രീയേഷിനെ രണ്ടാള്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേസിലെ ഒന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ വിനോദ് അറിയിച്ചു. അതേ സമയം മേഖലയില്‍ ലഹരിയുടെ ഉപയോഗം വര്‍ധിക്കുകയാണെന്നും പരിശോധന ശക്തമാക്കുമെന്നും എക്സൈസ് സംഘം പറഞ്ഞു.

 

Top