വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി ; ഇരുപതുകാരൻ അറസ്റ്റിൽ

നെടുമങ്ങാട്: വീട്ടുവളപ്പില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കില്‍ എന്‍.ഫൈസലി(20)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവു വില്‍പ്പന നടത്തുന്നയാളാണ് ഫൈസല്‍. വില്‍പ്പനയ്ക്കായിട്ടാണ് വീട്ടില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ പ്രദേശത്ത് കഞ്ചാവു വില്‍പ്പന നടത്തുന്ന പത്തിലധികം യുവാക്കള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരുമാസം മുന്‍പ് ഇതില്‍ രണ്ടുപേരെ പോലീസ് പിടികൂടി. പ്രധാനമായും കോളേജ് വിദ്യാര്‍ഥികളാണ് ഇവരുടെ ഇര. കഞ്ചാവ് ഉപയോഗിച്ച് പ്രദേശത്ത് അക്രമങ്ങളില്‍ ഏര്‍പ്പെടുന്നതും പതിവായിരുന്നു. ബൈക്കുകളില്‍ കറങ്ങി നടന്ന് ചെറിയ പൊതികളാക്കിയാണ് ഇവര്‍ കഞ്ചാവ് വില്‍ക്കുന്നത്. നാട്ടുകാര്‍ റസിഡന്റ്സ് അസോസിയേഷന്‍ രൂപവത്കരിച്ച് എക്സൈസിനും പോലീസിനും പരാതികള്‍ നല്‍കിയിരുന്നു. നെടുമങ്ങാട് സി.ഐ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Top