യാഥാസ്ഥിതിക ശക്തികളാണ് വനിതാ മതിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: യാഥാസ്ഥിതിക ശക്തികളാണ് വനിതാ മതിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് വനിതാ മതില്‍ പണിയുന്നതെന്നും അമ്പതുലക്ഷം പേര്‍ വനിതാ മതിലില്‍ അണിനിരക്കുമെന്നും കോടിയേരി പറഞ്ഞു.

യാഥാസ്ഥിതിക ശക്തികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും നിലനില്‍ക്കുന്നത്. ആര്‍എസ്എസിന്റെ ബി ടീമായി കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വ വര്‍ഗീയതയെ എതിര്‍ക്കാനാണ് ബിജെപി മുത്തലാഖ് ബില്‍ കൊണ്ടുവന്നത്. എന്നാല്‍ ഇതിനെ എതിര്‍ക്കാന്‍ പോലും കോണ്‍ഗ്രസ് ആദ്യം തയാറായിരുന്നില്ലെന്നും കോടിയേരി ആരോപിച്ചു.

അതേസമയം വനിതാ മതില്‍ അനിവാര്യംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതാ മതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയെന്ന്ത് വര്‍ഗസമരത്തിന്റെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.

വനിതാമതിലിന്റെ കാര്യത്തില്‍ എന്‍എസ്എസിന് ഇരട്ടത്താപ്പെന്ന് പേരെടുത്ത് പറയാതെ മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഏതില്‍ നിന്നൊക്കെ സമദൂരം എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പജ്യോതിയെ അനുകൂലിച്ച എന്‍എസ്എസ് വനിതാ മതിലിനെ എതിര്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. മന്നത്തെ പോലുള്ളവര്‍ നേതൃത്വം കൊടുത്ത ഇടപെടലുകള്‍ ഇന്നും പ്രസക്തമാണ്. നായര്‍ സമുദായത്തിലെ മരുമക്കത്തായം അങ്ങനെ ഇല്ലാതായ ആചാരമാണെന്നും പിണറായി വ്യക്തമാക്കി.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമല്ല എന്ന നിലപാട് ശരിയല്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് വര്‍ഗസമരത്തിന്റെ ഭാഗമായിത്തന്നെയാണ് കാണുന്നതെന്നും ഇന്നത്തെ സാഹചര്യത്തില്‍ വനിതാ മതില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Top