ആരോഗ്യ പരിശോധന: ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ ജാതി എഴുതിയത് വിവാദമാകുന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ പൊലീസ് ഉദ്യോഗത്തിനുളള ആരോഗ്യ പരിശോധനയില്‍ ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ ജാതി എഴുതിയ സംഭവം വിവാദമാകുന്നു. കോണ്‍സ്റ്റബിള്‍ ഉദ്യോഗത്തിനായി ധാര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന പരിശോധനയ്ക്കിടെയാണ് സംഭവം.

ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ എസ് സി, എസ് ടി എന്നിങ്ങിനെയാണ് എഴുതിയത്. ജനറല്‍ കാറ്റഗറിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് 168 സെന്റീമീറ്ററും സംവരണ കാറ്റഗറിയില്‍ 165 സെ.മീറ്ററുമാണ് ഉയരമാണ് വേണ്ടത്. പരിശോധകര്‍ക്ക് എളുപ്പത്തില്‍ വ്യക്തത ലഭിക്കാനെന്ന പേരിലാണ് ജാതി ശരീരത്തില്‍ എഴുതി വെച്ചത്. ഇതിനെ ഉദ്യോഗാര്‍ഥികള്‍ എതിര്‍ക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതിഷേധമുയര്‍ന്നതോടെ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് മധ്യപ്രദേശില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ജാതി രേഖപ്പെടുത്തിയ ബാഗ് വിതരണം ചെയ്തതും വിവാദമായിരുന്നു.

Top