പാര്‍ലമെന്റ് സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം ;പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ പിജെ ജോസഫ് ഇടപെടുന്നു

കോട്ടയം: പാര്‍ലമെന്റ് സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ പിജെ ജോസഫ് ഇടപെടുന്നു. സംഘടനാ തലത്തില്‍ മോന്‍സ് ജോസഫിന് കൂടുതല്‍ പ്രാമുഖ്യം ഉറപ്പ് നല്‍കിക്കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനാണ് പിജെയുടെ ശ്രമം. കോട്ടയത്ത് നിന്ന് ലോക്‌സഭാംഗമായാല്‍ ഭാവിയില്‍ പാര്‍ട്ടി അധ്യക്ഷ പദവിയും ഫ്രാന്‍സിസ് ജോര്‍ജ് സ്വന്തമാക്കുമോ എന്ന ആശങ്ക മോന്‍സ് ജോസഫ് അനുകൂലികളുടെ ഇടയില്‍ ശക്തമാണ്.

ഇരു നേതാക്കള്‍ക്കും ഇടയിലെ ആശയക്കുഴപ്പം പിജെ ജോസഫിന് വ്യക്തമാണ്. മോന്‍സിനെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് ഫ്രാന്‍സിസിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പി ജെയുടെ ശ്രമം. ഫ്രാന്‍സിസ് വരുന്നതു കൊണ്ട് സംഘടനയ്ക്കുള്ളില്‍ മോന്‍സിന് പ്രശ്‌നങ്ങളുണ്ടാക്കില്ല എന്ന ഉറപ്പ് പി ജെ ജോസഫ് മോന്‍സിന് നല്‍കിക്കഴിഞ്ഞതായാണ് വിവരം. ഡല്‍ഹിയില്‍ ഫ്രാന്‍സിസും കേരളത്തില്‍ മോന്‍സും എന്ന ഫോര്‍മുല ഇരു നേതാക്കളും തല്‍ക്കാലത്തേക്കെങ്കിലും അംഗീകരിക്കുമെന്നും പി ജെ പ്രതീക്ഷിക്കുന്നു. കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫ് സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ടെങ്കിലും സംഘടനയ്ക്കുള്ളിലും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പിന്തുണ ആര്‍ജിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ലോക്സഭ സീറ്റാവശ്യപ്പെട്ട് പരസ്യമായി രംഗത്തിറങ്ങിയ സജി മഞ്ഞക്കടമ്പിലിന്റെ യഥാര്‍ഥ ലക്ഷ്യം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റാണെന്നാണ് വിലയിരുത്തല്‍. അക്കാര്യത്തില്‍ ജോസഫില്‍ നിന്നൊരു ഉറപ്പു കിട്ടിയാല്‍ സജിയും പിന്‍മാറിയേക്കും.

പിജെയുടെ പിന്‍ഗാമിയായി സ്വാഭാവികമായും കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനം കടുത്തുരുത്തി എംഎല്‍എ ആയ മോന്‍സ് ജോസഫിലേക്ക് എത്തുമെന്നാണ് പാര്‍ട്ടിയില്‍ ഏറിയ പങ്കും കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് ലോക്‌സഭാ മത്സരത്തിനായി ഫ്രാന്‍സിസ് ജോര്‍ജിന്റെ കോട്ടയത്തേക്കുളള വരവ്. ഫ്രാന്‍സിസ് കോട്ടയത്ത് നിന്ന് എം പിയായാല്‍ സംഘടനയ്ക്കുള്ളിലെ മോന്‍സിന്റെ സ്വാധീനം കുറയാന്‍ ഇടയാകുമെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവര്‍ കരുതുന്നു.

Top