സ്ഥാനാര്‍ഥി നിര്‍ണയം; യുഡിഎഫില്‍ തര്‍ക്കങ്ങളില്ലെന്ന് ചെന്നിത്തല

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ വിജയം നേടാനാവുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും. ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണ് അവിടെ ഉണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

ആന്തൂരടക്കം സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കുന്നത് എതിര്‍കക്ഷികളെ ഭീഷണിപ്പെടുത്തുന്നത് കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്പ്രീംക്ലര്‍ ഇടപാടില്‍ പുതിയ കമ്മിറ്റിയെ നിയമിച്ചത് നേരത്തെ ഇതേക്കുറിച്ച് അന്വേഷിച്ച മാധവന്‍ നമ്പ്യാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ അട്ടിമറിക്കാന്‍ വേണ്ടി മാത്രമാണ്. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി സ്പ്രിംക്ലര്‍ ഇടപാടില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടത്തിയിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. കരാറുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ വാദങ്ങള്‍ പൊളിച്ച ടുക്കുന്ന കണ്ടെത്തലുകള്‍ മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ടിലുണ്ട്.

സര്‍ക്കാരിനെ ബാധിക്കുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്ളത് കൊണ്ടാണ് റിപ്പോര്‍ട്ട് പുറത്ത് വരും മുമ്പ് പുതിയ കമ്മിറ്റിയെ നിയോഗിച്ചത്. ശിവശങ്കരനാണ് സ്പ്രീംക്ലര്‍ തട്ടിപ്പിന് പിന്നില്‍. ഇതെല്ലാം മുഖ്യമന്ത്രിയും ശിവശങ്കരനും കൂടിയുള്ള കൂട്ടുക്കച്ചവടമാണെന്നും ചെന്നിത്തല ആരോപിച്ചു.

Top