അര്‍ബുദ ചികിത്സയ്ക്ക് വാക്‌സിന്‍ ; എലികളില്‍ വിജയിച്ച പരീക്ഷണം മനുഷ്യരിലേയ്ക്ക്‌

CANCER

ന്യൂയോര്‍ക്ക്: അര്‍ബുദ പ്രതിരോധത്തിനെതിരെ രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതായി ഗവേഷകര്‍. വിജയം കണ്ടതിനെ തുടര്‍ന്ന് മനുഷ്യരിലും പരീക്ഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വിദഗ്ധര്‍.

വളരെ കുറഞ്ഞ അളവില്‍ രണ്ട് ഇമ്മ്യൂണ്‍ സ്റ്റിമുലേറ്റിങ് എജന്റ്‌സ് അര്‍ബുധം ബാധിച്ച മുഴകളില്‍ കുത്തിവെച്ചാണ് പരീക്ഷണം നടത്തിയത്. ഇവ രണ്ടും ഒരേ സമയം ഉപയോഗിക്കുമ്പോള്‍ ശരീരമാസകലമുള്ള മുഴകള്‍ അപ്രത്യക്ഷമാവുകയാണ് ഉണ്ടായതെന്ന് സ്റ്റാന്‍ഫഡ് സര്‍വകലാശാല ഓങ്കോളജി പ്രൊഫസര്‍ റൊണാള്‍ഡ് ലെവി അറിയിച്ചു.

രാസ സംയുക്തം കുത്തിവെച്ചപ്പോള്‍ അര്‍ബുധ ബാധിത കോശങ്ങളെ നശിപ്പിക്കുന്നതായി പരീക്ഷണത്തില്‍നിന്ന് കണ്ടെത്തി. സംയുക്തങ്ങളില്‍ ഒന്ന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന്‌ ഗവേഷകര്‍ വ്യക്തമാക്കി. ആദ്യം പരീക്ഷണം 15 രോഗികളിലാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ലിംഫോമ കാന്‍സറിനെതിരെ 90 എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ 87 എണ്ണം വിജയമായിരുന്നു. അവശേഷിച്ച മൂന്ന് എലികള്‍ക്ക് രണ്ടാംഘട്ട കുത്തിവെപ്പ് നല്‍കുമെന്നാണ് ഗവേഷകര്‍ അറിയിച്ചിരിക്കുന്നത്. പലതരം അര്‍ബുദ രോഗങ്ങളില്‍നിന്നും രക്ഷനേടാന്‍ പുതിയ വാക്‌സിന്‍ സഹായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍’ ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Top