കാന്‍സര്‍ ബാധിതനായ പങ്കാളിയെ പരിചരിക്കാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് റാലി ഡോബ്‌സണ്‍

സിഡ്‌നി: ആസ്‌ട്രേലിയയിലെ പ്രമുഖ വനിതാ ഫുട്‌ബോളറായ റാലി ഡോബ്‌സണ്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചത് കാന്‍സര്‍ ബാധിതനായ പങ്കാളിയോടൊപ്പം മുഴുവന്‍ സമയവും ചിലവഴിക്കുന്നതിനായി. മെല്‍ബണ്‍ സിറ്റിയുടെ ഫോര്‍വേഡായ റാലി ഡോബ്‌സണ്‍ ടൂര്‍ണമെന്റിനു ശേഷമാണ് ഈ ആഴ്ച ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അവസാന മത്സരത്തില്‍ വ്യാഴാഴ്ച പെര്‍ത്ത് ഗ്ലോറിയെതിരായ 2 -1ന്റെ വിജയ ഗോള്‍ നേടിയ ശേഷമായിരുന്നു വിരമിക്കല്‍. പങ്കാളിയായ മാറ്റ് സ്റ്റോണ്‍ഹം കാന്‍സര്‍ ചികിത്സയിലാണ്.

12 കീമോതെറാപ്പിക്കു ശേഷം കൂടുതല്‍ ചികിത്സയിലേക്കു പോകുകയാണ് മാറ്റ്. ഈ സാഹചര്യത്തിലാണ് ആസ്‌ട്രേലിയക്കു വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച റാലി ഡോബ്‌സണ്‍ പങ്കാളിയെ പരിചരിക്കുന്നതിനു വേണ്ടി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എന്റെ കായിക ഇനത്തേക്കാള്‍ വലുതാണ് അവന്‍. എന്റെ ലോകം അവനാണ്.’ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം റാലി പറഞ്ഞു. മാറ്റ് സ്റ്റോണ്‍ഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സാനിധ്യത്തിലായിരുന്നു റാലി ഡോബ്‌സണ്‍ ടൂര്‍ണമെന്റിന് അവസാനം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ നാടകീയമായി പ്രതിശ്രുത വരന്‍ മാറ്റ് സ്‌റ്റോണ്‍ഹം ഗ്രൗണ്ടില്‍ വച്ചു തന്നെ റാലി ഡോബ്‌സണെ വിവാഹ മോതിരം അണിയിച്ചു. 2008 മുതല്‍ ഫുട്‌ബോള്‍ താരമാണ് 28കാരിയായ റാലി ഡോബ്‌സണ്‍.

Top