രാജ്യത്ത് ഓരോ വര്‍ഷവും അരലക്ഷം കുട്ടികള്‍ക്ക് ക്യാന്‍സര്‍ ബാധിക്കുന്നു. . .

ന്യൂഡല്‍ഹി: ക്യാന്‍സര്‍ ലോകത്തെലെ ഏറ്റവും വേഗത്തില്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന മാരക അസുഖമായി മാറിയിരിക്കുകയാണ്. കുട്ടികളിലുണ്ടാകുന്ന അര്‍ബുദമാണ് ഇതില്‍ ഏറ്റവും ഗുരുതരം. ഇന്ത്യയിലെ 2 മുതല്‍ 4 ശതമാനം വരെ കാന്‍സര്‍ രോഗികള്‍ കുട്ടികളാണ്. ഓരോ വര്‍ഷവും രാജ്യത്ത് 50,000 കുട്ടികള്‍ക്ക് കാന്‍സര്‍ ഉണ്ടാകുന്നുണ്ട്.

രക്താര്‍ബുദം, ലിംഫോമ, ബ്രയ്ന്‍ ക്യാന്‍സര്‍, കിഡ്നിയെ ബാധിക്കുന്നത്, മസിലുകള്‍ക്ക് ഉണ്ടാകുന്നവ തുടങ്ങിയവയാണ് കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന കാന്‍സറുകള്‍.

കൃത്യമായ സമയത്ത് തന്നെ ഇത് കണ്ടെത്തുകയും മതിയായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഏക പ്രചതിവിധി. മാതാപിതാക്കള്‍ക്ക് ഈ അസുഖമുണ്ടെങ്കില്‍ കുട്ടികളെ ചെറുപ്പം മുതലേ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

80 ശതമാനം കുട്ടികളിലും ഉണ്ടാകുന്ന ക്യാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നവയാണ്. ഏത് തരം ക്യാന്‍സറാണ് കുട്ടിയെ ബാധിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും ചികിത്സ.

മാതാപിതാക്കള്‍ക്ക് ഈ അസുഖം ഉണ്ടെങ്കില്‍ തീര്‍ച്ചയായും കുട്ടികളെ നിരന്തര പരിശോധനയ്ക്ക് വിധേയരാക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വിശദ പരിശോധന നടത്തേണ്ടതാണ്. സാധാരണ ബാല്യകാലത്ത് ഉണ്ടാകുന്ന രോഗങ്ങളുടെ ലക്ഷണങ്ങളും ക്യാന്‍സര്‍ ലക്ഷണങ്ങളും ഏകദേശം ഒരേ തരത്തിലാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, ഒരേ പോലുള്ള രോഗാവസ്ഥകള്‍ ആവര്‍ത്തിച്ച് പ്രകടമായാല്‍ അവഗണിക്കരുത്.

പ്രധാനമായു ക്യാന്‍സര്‍ ബാധിച്ച കുട്ടികളില്‍ കണ്ടു വരാറുള്ള രോഗലക്ഷണങ്ങള്‍ ഇവയൊക്കെയാണ്.

1) അസ്വാഭാവിക മുഴകള്‍, തടിപ്പ്
2)ക്ഷീണം, അകാരണമായി വിളര്‍ച്ച
3)രക്തസ്രാവം
4)എല്ലുകളിലും സന്ധികളിലും നിരന്തരമായ വേദന
5) നീര്‍വീക്കം
6) വിട്ടുമാറാത്ത പനി
7) ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, ഛര്‍ദ്ദി
8) നടക്കുന്നതില്‍ പ്രശ്‌നം, ബാലന്‍സ് നഷ്ടപ്പെടുക, സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക
9)കണ്ണിന്റെ കാഴ്ച മങ്ങല്‍, വെളുത്ത അടയാളങ്ങള്‍ കണ്ണില്‍ തെളിഞ്ഞു വരിക.
10)പെട്ടെന്ന് തൂക്കം കുറയുക

ഇത്തരം ലക്ഷണങ്ങള്‍ കുട്ടികളിള്‍ കണ്ടാല്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്. മാനസികമായ പിന്തുണയും കുട്ടിയ്ക്കും കുടുംബത്തിനും സമൂഹത്തില്‍ നിന്നും ലഭിക്കേണ്ടത് അത്യാവശ്യമാണ്.

റിപ്പോര്‍ട്ട്:എ.ടി അശ്വതി

Top