വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും മരം മുറിക്കാന്‍ പാസ് നല്‍കി വനംവകുപ്പ്

തിരുവനന്തപുരം: മരം മുറിക്ക് അനുമതി നല്‍കുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും മുറിക്കാന്‍ പാസ് നല്‍കി വനംവകുപ്പ്. സംസ്ഥാന വ്യാപകമായി ഈ രീതിയില്‍ 50 ലേറെ പാസുകള്‍ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങള്‍ മുറിച്ചെന്നുമാണ് വനംവകുപ്പ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഉത്തരവ് റദ്ദാക്കിയിട്ടും അനുമതി നല്‍കിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്ത് കളിയുടെ വ്യക്തമായ തെളിവാണ്.

മുട്ടിലേത് അടക്കമുള്ള മരം മുറിയില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ പ്രധാന പ്രതിരോധം റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറി മരം മുറിക്കാന്‍ നല്‍കിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇറക്കിയ ഉത്തരവ് വിമര്‍ശനങ്ങളെ തുടര്‍ന്ന് ഫെബ്രുവരി രണ്ടിന് റദ്ദാക്കിയിട്ടും മരംമുറി നടന്നു. ഫെബ്രുവരി രണ്ടിന് ശേഷം മാത്രം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത് 50 ലേറെ പാസുകളാണ്.

ഒരു പാസില്‍ തന്നെ ഇരുപതിലേറെ മരങ്ങള്‍ മുറിക്കാം. അടിമാലി-നേര്യമംഗലം, പാലോട്, പരുത്തിപ്പള്ളി, അച്ചന്‍കോവില്‍ അടക്കം സംസ്ഥാനത്തെ വനംവകുപ്പിന്റ വിവിധ റേഞ്ചുകളില്‍ മരം മുറി നടന്നു. ഈട്ടിയും തേക്കുമെല്ലാം ഇങ്ങിനെ മുറിച്ചു നേര്യമംഗലത്ത് പാസ് നല്‍കരുതെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ രേഖാമൂലം നിര്‍ദ്ദേശിച്ചിട്ടും റേഞ്ച് ഓഫീസര്‍ പാസ് നല്‍കി. മരംമുറിയെക്കുറിച്ച് അന്വേഷിച്ച വനംവകുപ്പ് പിസിസിഎഫിനറെ റിപ്പോര്‍ട്ടിലാണ് ഉത്തരവ് റദ്ദാക്കിയിട്ടും നല്‍കിയ അനുമതിയെ കുറിച്ചുള്ള കണ്ടെത്തല്‍.

അതായത് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് മൂലം പാസ് നല്‍കി എന്ന വാദം ഇനി വനംവകുപ്പിന് നിരത്താനാകില്ല. ഉത്തരവ് റദ്ദായെന്ന് അറിഞ്ഞിട്ടും വ്യാപകമായി നല്‍കിയ പാസുകള്‍ ഉദ്യോഗസ്ഥരും മരം മുറി സംഘവും തമ്മിലെ ബന്ധത്തിന്റെ വ്യക്തമായ തെളിവാണ്. ഉത്തരവ് അനുസരിച്ച് പാസ് നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എങ്ങിനെ നടപടി എടുക്കും എന്ന വാദം ഇനി നിരത്താനാകില്ല.

ആകെ 2400 മരങ്ങള്‍ വെട്ടിക്കടത്തിയെന്ന റിപ്പോര്‍ട്ട് വിവാദം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് വനംവകുപ്പ് കൈമാറിയത്. മറ്റ് വകുപ്പുകളുടെ റിപ്പോര്‍ട്ടും ചേര്‍ത്ത് തുടര്‍നടപടി ഉണ്ടാകുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. എന്നാല്‍ ഉത്തരവ് റദ്ദാക്കിയശേഷം പാസ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വനംവകുപ്പിന് നടപടിയെടുക്കാന്‍ കാത്തിരിക്കേണ്ട ആവശ്യം ഒട്ടുമില്ല.

 

 

Top