റദ്ദാക്കിയ ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പുനഃസ്ഥാപിക്കണം; റെഗുലേറ്ററി കമ്മീഷന്‍ നിയമോപദേശം തേടി

തിരുവനന്തപുരം: റദ്ദാക്കിയ ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ നിയമോപദേശം തേടി.

കരാര്‍ പുനഃസ്ഥാപിക്കാന്‍ ഉത്തരവിറക്കേണ്ടതിന് പകരം കത്ത് നല്‍കിയതിലും കരാര്‍ റദ്ദാക്കിയതിനെതിരെ അപ്പീല്‍ നിലനില്‍ക്കെ പുനഃസ്ഥാപിക്കണമെന്ന ആവശ്യം കമ്മീഷന് പരിഗണിക്കാമോ എന്നതിലുമാണ് സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സിലില്‍ നിന്ന് നിയമോപദേശം തേടിയത്. കമ്മീഷന്റെ പുതിയ നീക്കത്തോടെ കരാറുകള്‍ പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം നീളാനാണ് സാധ്യത.

കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ 465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ മെയ് മാസത്തില്‍ റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ഈ കരാറുകള്‍ പുനഃസ്ഥാപിക്കണമെന്ന് കഴിഞ്ഞ ആഴ്ചയാണ് കമ്മീഷനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

വൈദ്യുതി നിയമത്തിന്റെ 108-ാം വകുപ്പ് പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ പ്രത്യേകം ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷനോട് ആവശ്യം ഉന്നയിക്കുന്നതിന് പകരം ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്ത് മുഖാന്തരമാണ് കരാര്‍ പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ടത്.

ഇതാണ് നിയമോപദേശം തേടാന്‍ കമ്മീഷനെ പ്രേരിപ്പിച്ച പ്രധാന ഘടകം. കരാറുകള്‍ റദ്ദാക്കിയ റഗുലേറ്ററി കമ്മീഷന്‍ നടപടിക്കെതിരെ കെഎസ്ഇബി അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജി നിലനില്‍ക്കെ ഉത്തരവിറക്കിയ കമ്മീഷനു തന്നെ ആവശ്യം പരിഗണിക്കാനാകുമോയെന്നും വ്യക്തമാകേണ്ടതുണ്ട്.

കരാറുകള്‍ റദ്ദാക്കാന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ച നടപടിക്രമങ്ങളിലെ അപാകതകള്‍ അംഗീകരിക്കാതെ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് കത്തില്‍ പറയുന്നത്. ഇതെല്ലാം സര്‍ക്കാര്‍ നിര്‍ദേശം ഉടന്‍ നടപ്പാക്കുന്നതിന് മുമ്പ് നിയമവശങ്ങള്‍ വിശദമായി പരിഗണിക്കാന്‍ കമ്മീഷനെ പ്രേരിപ്പിച്ചു.

Top