ചോദിച്ചതിലും കൂടുതല്‍ പണം നല്‍കി എടിഎം; കുറച്ചു സമയം വെള്ളം കുടിച്ച് ബാങ്ക് അധികൃതര്‍

ബംഗളൂരു: പണം വാരികോരി നല്‍കി കാനറാ ബാങ്കിന്റെ എടിഎം. 100 രൂപ ചോദിച്ചവര്‍ക്ക് കിട്ടിയതാകട്ടെ 500 രൂപ. കര്‍ണാടകയിലെ കുടുഗു ജില്ലയിലെ മടിക്കേരിയിലാണ് സംഭവം.

വലിയ പിഴവാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. തുടര്‍ന്ന് എടിഎം കൈകാര്യം ചെയ്യുന്ന ഏജന്‍സി തങ്ങള്‍ക്ക് തെറ്റു പറ്റിയെന്ന് ആരോപിച്ച് രംഗത്തെത്തുകയും ചെയ്തു.

100 രൂപയുടെ നോട്ടുകള്‍ നിറയ്ക്കേണ്ട ട്രേയില്‍ അബദ്ധത്തില്‍ 500 രൂപയുടെ നോട്ടുകള്‍ നിറച്ചതാണ് ഇത്രയും വലിയ തെറ്റ് ഉണ്ടാകാന്‍ കാരണമായത്. എടിഎമ്മില്‍ നിന്ന് ഏകദേശം 1.7 ലക്ഷം രൂപയാണ് ആളുകള്‍ പിന്‍വലിച്ചിരുന്നത്.

എടിഎമ്മില്‍ നിന്ന് കാശ് പിന്‍വലിച്ച ഉപയോക്താക്കളിലൊരാള്‍ ബാങ്കിനെ കാര്യങ്ങള്‍ ധരിപ്പിച്ചപ്പോഴാണ് അവര്‍ വിവരങ്ങള്‍ അറിയുന്നത്. ഉടനെ തന്നെ ഏജന്‍സിയുമായി ബന്ധപ്പെട്ട് പണം തിരികെ വാങ്ങാനുള്ള നടപടികള്‍ ബാങ്ക് ആരംഭിക്കുകയും ചെയ്തു.

അതേസമയം ബാങ്ക് തങ്ങളുടെ പിഴവ് ചൂണ്ടിക്കാട്ടി കസ്റ്റമേഴ്‌സിനോട് കാശ് തിരികെ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പണം തിരികെ നല്‍കാന്‍ തയ്യാറായി എന്നാല്‍, 65,000 രൂപ വീതം പിന്‍വലിച്ച രണ്ടുപേര്‍ പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റായത് കൊണ്ട് പണം മടക്കി നല്‍കാന്‍ കഴിയില്ലെന്ന് ഇവര്‍ അറിയിച്ചു. എന്നാല്‍ പിന്നീട് ബാങ്ക് പൊലീസിന്റെ സഹായം തേടിയപ്പോള്‍ ഇവര്‍ പണം തിരികെ നല്‍കുകയായിരുന്നു.

Top