മനില: ഫിലിപ്പീന്‍സില്‍ ബന്ദിയാക്കിയ കനേഡിയന്‍ പൗരനെ ഭീകരര്‍ വധിച്ചു. അറുപത്തിമൂന്നുകാരനായ ജോണ്‍ റിഡ്‌സ് ഡെലിനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള അബു സയ്യഫ് എന്ന ഭീകരസംഘടന വധിച്ചു. മറ്റ് മൂന്നുപേര്‍ക്കൊപ്പം കഴിഞ്ഞ സെപ്റ്റംബറിലാണ് റിഡ്‌സ് ഡെലിനെ ഭീകരര്‍ ബന്ദിയാക്കിയത്
80 ദശലക്ഷം യുഎസ് ഡോളര്‍ മോചനദ്രവ്യമാവശ്യപ്പെട്ടുള്ള വിലപേശലിനൊടുവിലാണ് ബന്ദികളിലൊരാളായ കനേഡിയന്‍ പൗരന്‍ ജോണ്‍ റിഡ്‌സ്‌ഡെലിനെ ഭീകരര്‍ വധിച്ചത്.
പണംനല്‍കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചതിനു പിന്നാലെ ജോണ്‍ റിഡ്‌സ്‌ഡെലിനെ കൊലപ്പെടുത്തി ശിരസ് ജോളോ പ്രവിശ്യയിലെ പട്ടണത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കനേഡിയന്‍ സര്‍ക്കാരാണ് മരിച്ചത് സ്വന്തം പൗരനാണെന്ന് സ്ഥിരീകരിച്ചത്.
മോചനദ്രവ്യം നല്‍കണമെന്നാവശ്യപ്പെട്ട് നവംബറില്‍ പുറത്തിറക്കിയ വിഡിയോയില്‍ പണം നല്‍കാത്തപക്ഷം ജോണ്‍ റിഡ്‌സ്‌ഡെലിനെ വധിക്കുമെന്ന മുന്നറിയിപ്പ് ഭീകരര്‍ നല്‍കിയിരുന്നു.
ദവാവോ നഗരത്തിലെ റിസോര്‍ട്ടില്‍ നിന്ന് സുഹൃത്തായ സ്വദേശി വനിതയടക്കം മറ്റ് മൂന്നുപേരോടൊപ്പമാണ് റിഡ്‌സ്‌ഡെലിനെ ബന്ദിയാക്കിയത്. 1990 മുതല്‍ അല്‍ ഖായിദ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അബു സയ്യഫ് അടുത്തിടെ ഐഎസിനോടു പരസ്യവിധേയത്വം പ്രഖ്യാപിച്ചിരുന്നു.
പ്രാദേശിക പിന്തുണയോടെ തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഐഎസ് വേരുകളാഴ്ത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് പുതിയ സംഭവവികാസം.