എല്ലാവർക്കും ഭവനം മൗലികാവകാശം ; കാനഡയുടേത് ചരിത്രപരമായ തിരിച്ചറിവെന്ന് യു.എൻ

വാഷിംഗ്‌ടൺ : എല്ലാ ജനങ്ങൾക്കും വീട് എന്നത് മൗലികാവകാശമാണെന്ന് തിരിച്ചറിഞ്ഞ കാനഡയുടെ തീരുമാനം ചരിത്രപരമായതെന്ന് ഐക്യരാഷ്ട്ര സഭ .

പുതിയ ഭവന നിർമ്മാണ പദ്ധതി രാജ്യത്ത് സ്വന്തമായി വീടുകൾ ഇല്ലാത്ത ജനങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്നും, പുതിയ നിയമം പ്രകാരം എല്ലാവർക്കും വീടുകൾ ലഭ്യമാകുമെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി.

കാനഡയിലെ ഭവനനിർമ്മാണ പ്രതിസന്ധിയെ കുറിച്ച് ഐക്യരാഷ്ട്ര സഭ നടത്തിയ വിമർശനത്തോട് പ്രതികരിച്ച പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡാവോയാണ് ദീർഘനാളായി കാത്തിരുന്ന ഭവന നിർമ്മാണ നയം പ്രഖ്യാപിച്ചത്.

പദ്ധതിയുടെ കീഴിൽ 100,000 ഭവനങ്ങൾ നിർമ്മിക്കുമെന്നും, കൂടാതെ വരുമാനം കുറവുള്ളവർക്ക് വീടുകൾ നിർമ്മിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പുതിയ ഭവന നിർമ്മാണ നയത്തിൽ 2028 ആകുമ്പോൾ എല്ലാവർക്കും വീടുകൾ ലഭ്യമാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ഭവനരഹിതരെ ഇല്ലാതാക്കുന്നതിലൂടെ കാനേഡിയൻ ഭരണകൂടം നടത്തുന്നത് സത്യമായ ഭരണമാണെന്ന് തിരിച്ചറിയാൻ കഴിയുമെന്ന് ഐക്യരാഷ്ട്ര സഭയുടെ അംഗം ചൂണ്ടിക്കാട്ടി.

Top