30ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞു; സ്വന്തമായി നിര്‍മിക്കുമെന്ന് കാനഡ

ഒട്ടാവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞതായി ആരോപണം. മാസ്‌കുകള്‍ തടഞ്ഞുവച്ചതോടെ പ്രാദേശികമായി 30,000 വെന്റിലേറ്ററുകളും മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കുമെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചു. മാസ്‌കുകളുടെ വിതരണം തടഞ്ഞതോടെ

കൊവിഡ് നേരിടാനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി രാജ്യാന്തര വിപണിയില്‍ കിടമത്സരം നടക്കുന്നതിനിടെ ഇവ ശേഖരിച്ചു വയ്ക്കാന്‍ യുഎസ് നെട്ടോട്ടമോടുന്നുവെന്ന ആരോപണം ശക്തമാകുന്നു.

അമേരിക്കയുമായി ചര്‍ച്ച നടത്തി വരികയാണെന്നും കയറ്റുമതി വിതരണം നടക്കുമെന്നാണു കരുതുന്നതെന്നും ട്രൂഡോ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യത്തെ സജ്ജമാക്കേണ്ടതിനാലാണു പുതിയ തീരുമാനമെന്നും കാനഡ വ്യക്തമാക്കി.

അമേരിക്കന്‍ നിര്‍മാണ യൂണിറ്റായ ത്രീഎം കമ്പനിയോട് കാനഡയിലേക്കും ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള എന്‍95 മാസ്‌കുകളുടെ കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതോടെയാണു പ്രതിസന്ധി ഉടലെടുത്തത്.

ജര്‍മന്‍ പൊലീസിനു വേണ്ടി ചൈനയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്‌കുകള്‍ അമേരിക്ക തട്ടിയെടുത്തതായി ജര്‍മനി ആരോപിച്ചതിനു തൊട്ടുപിന്നാലെയാണ് കാനഡയുടെയും ആരോപണം.

കാനഡയില്‍ നിന്നുള്ള 22 ഓളം പ്രാദേശിക നിര്‍മാണ യൂണിറ്റുകള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ മുന്നോട്ടുവന്നതായും വെന്റിലേറ്റര്‍ നിര്‍മാണത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാന്‍ നൊബേല്‍ ജേതാവ് ആര്‍തര്‍ ബി.മാക്‌ഡൊണാള്‍ഡിന്റെ സേവനം തേടിയതായും ട്രൂഡോ വ്യക്തമാക്കി. കൊറിയന്‍ യുദ്ധകാലത്തെ പ്രതിരോധ ഉല്‍പാദന നിയമത്തിന്റെ മറവിലാണ് യുഎസ് മാസ്‌ക്കുകളുടെ കയറ്റുമതി തടഞ്ഞത്.

Top