ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നത്; പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍

ഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍. ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ തന്നെ, ഇന്തോ – പസഫിക് സഹകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദി വെസ്റ്റ് ബ്ലോക്ക് എന്ന മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ബില്‍ ബ്ലെയറിന്റെ പ്രതികരണം.

അതേസമയം രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം തടയാനും സ്വന്തം രാജ്യത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമുള്ള ബാധ്യത കാനഡയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാകുമെന്നും അതോടെ ഇന്ത്യയുമായി കൂടുതല്‍ ദൃഢമായ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബില്‍ ബ്ലെയര്‍ വ്യക്തമാക്കി.

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാകത്തെ ചൊല്ലി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം വഷളായതിനിടെയാണ് കനേഡിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. അതേസമയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുമ്പോള്‍ കാനഡ വിഷയത്തില്‍ പ്രതികരണം ഉണ്ടാകുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.

Top