നിജ്ജാറിന്റെ കൊലപാതകം; നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന് കാനഡ, അംഗീകരിക്കില്ലെന്ന് ഇന്ത്യ

ഡല്‍ഹി: ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കാനഡ. അന്വേഷണത്തിനായി കാനഡ പ്രത്യേക സംഘത്തെ രൂപികരിച്ചു. സംഘത്തിന് ആവശ്യമെങ്കില്‍ ഇന്ത്യയില്‍ എത്തി അന്വേഷണം നടത്താന്‍ അനുമതി നല്‍കണം എന്നും കാനഡ ആവശ്യപ്പെട്ടു.

അനൗദ്യോഗിക ചര്‍ച്ചകളിലാണ് കാനഡ ഈ ആവശ്യം മുന്നോട്ട് വെച്ചത്. എന്നാല്‍ ഒരു തെളിവുമില്ലാത്ത അന്വേഷണം അംഗീകരിക്കില്ല എന്ന കടുത്ത നിലപാടിലാണ് ഇന്ത്യ. നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നാണ് അമേരിക്ക ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്.

അമേരിക്കന്‍ വിദേശകാര്യ വക്താവ് മാത്യു മില്ലറാണ് കാനഡയെ പിന്തുണച്ച് രംഗത്ത് വന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്വാഡ് നേതാക്കളുടെ യോഗത്തില്‍ കാനഡ വിഷയം ചര്‍ച്ചയായില്ലെന്നും മാത്യു മില്ലര്‍ വ്യക്തമാക്കി. ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നില്ല, ക്വാഡ് അംഗങ്ങളുടെ യോഗമായിരുന്നു നടന്നതെന്നായിരുന്നു ഈ വിഷയത്തില്‍ മാത്യു മില്ലറുടെ പ്രതികരണം.

നേരത്തെ യുഎന്‍ പൊതുസഭയില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കാനഡയ്ക്ക് പരോക്ഷ മറുപടി നല്‍കിയിരുന്നു. എല്ലാ രാജ്യങ്ങളുടേയും പരമാധികാരത്തെ മാനിക്കുന്നുവെന്നും എന്നാല്‍ രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ജയ്ശങ്കര്‍ പറഞ്ഞിരുന്നു. ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തിന് പിന്നില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്ട്രീയ താത്പര്യമാണെന്ന് പരോക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം.

Top