കാനഡ ഒരു സുരക്ഷിത രാജ്യം; വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇന്ത്യയുടെ നടപടിയെ തളളി കാനഡ

ഒട്ടാവ: ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇന്ത്യയുടെ നടപടിയെ തളളി കാനഡ. കാനഡ ഒരു സുരക്ഷിത രാജ്യമാണെന്ന് കനേഡിയന്‍ പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. ഇന്ത്യാ വിരുദ്ധ അജണ്ടയുളളവരുടെ അക്രമണത്തിന് സാധ്യതയുളളതിനാലാണ് ഇന്ത്യ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് ഉള്ള യാത്ര ഒഴിവാക്കണം എന്നാണ് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചത്. ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്.

തര്‍ക്കം മുറുകുന്നതിനിടെ കാനഡയില്‍ കഴിയുന്ന ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ എന്‍ഐഎ വേഗത്തിലാക്കിയിട്ടുണ്ട്. വിവിധ കേസുകളില്‍ പ്രതികളായ കാനഡയുമായി ബന്ധമുളള ഖലിസ്ഥാന്‍ തീവ്രവാദികളുടേയും ഗുണ്ടാ നേതാക്കളുടേയും പട്ടിക പുറത്തുവിട്ടിട്ടുണ്ട്. 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്.

പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളില്‍ പ്രതികളായ അഞ്ച് ഖലിസ്ഥാന്‍ ഭീകരരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപയാണ് ബബര്‍ കല്‍സ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക.

ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാട് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് ഉന്നതവൃത്തങ്ങളുടെ വിലയിരുത്തല്‍. കാനഡ ഭീകരരെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ഇന്ത്യ അറിയിക്കും.

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരും അതിനായി കാത്തിരിക്കുന്നവരും ആശങ്കയോടെയാണ് നോക്കികാണുന്നത്. 20 ലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ കാനഡയിലുണ്ട്. മലയാളികള്‍ അടക്കം 75000 പേര്‍ പ്രതിവര്‍ഷം കാനഡയിലേക്ക് കുടിയേറുന്നുണ്ട് എന്നാണ് കണക്ക്. ട്രൂഡോയുടെ അടുത്ത നീക്കം എന്തെന്ന് അറിഞ്ഞ ശേഷമാകും ഇന്ത്യയുടെ നിര്‍ണായക നീക്കം ഉണ്ടാകുക.

Top