വെറുപ്പിന് കാനഡയില്‍ സ്ഥാനമില്ല; ഹിന്ദു വിഭാഗക്കാര്‍ രാജ്യം വിടണമെന്ന സന്ദേശത്തിനെതിരെ മറുപടിയുമായി കാനഡ

ഹിന്ദു വിഭാഗക്കാര്‍ രാജ്യം വിടണമെന്ന ഭീഷണി സന്ദേശത്തിനെതിരെ മറുപടിയുമായി കാനഡ. വെറുപ്പിന് കാനഡയില്‍ സ്ഥാനമില്ല. രാജ്യത്ത് ആര്‍ക്കും ഭീഷണിയില്ലെന്നും പൊതു സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. കാനഡയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നത്. ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണമായത്.

കാനഡ സുരക്ഷിതമായ രാജ്യമാണ്. മറ്റു തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. ഇന്ത്യ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച സിഖ് നേതാവടക്കമുള്ളയാളുടെ വീഡിയോ പുറത്തുവന്നിരുന്നു. ഭീഷണിയും വെറുപ്പുമുളവാക്കുന്ന സന്ദേശങ്ങളാണ് വീഡിയോയിലൂടെ പ്രചരിപ്പിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള ഭീഷണികൊള്‍ക്കൊന്നും രാജ്യത്ത് സ്ഥാനമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

അതിനിടെ, ഇന്ത്യ -കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തര്‍ക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ജാക്ക് സള്ളിവന്‍ പറഞ്ഞു. അതേസമയം, ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ്സും രംഗത്തെത്തി. കനേഡിയന്‍ പൗരന്‍മാര്‍ക്ക് വിസ നിര്‍ത്തി വെച്ചതില്‍ പഞ്ചാബ് കോണ്‍ഗ്രസ്സ് ആശങ്ക രേഖപ്പെടുത്തി.

കനേഡിയന്‍ പൗരത്വം ഉള്ള പഞ്ചാബ് സ്വദേശികളെ ബാധിക്കുന്ന നടപടിയാണിത്. വിദേശകാര്യ മന്ത്രാലയം എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് പിസിസി പ്രസിഡന്റ് അമരിന്ദര്‍ സിങ് രാജ വഡിങ് പറഞ്ഞു. ഉത്സവകാലത്ത് പ്രായമായ മാതാപിതാക്കളെ കാണാന്‍ കാനഡയില്‍ ഉള്ളവര്‍ക്ക് നാട്ടിലേക്ക് വരേണ്ടതാണെന്നും പഞ്ചാബ് പിസിസി പറയുന്നു.

Top