കാനഡ ഓപ്പണ്‍ ബാഡ്മിന്റണ്‍; ലക്ഷ്യ സെന്നിന് കിരീടം

കല്‍ഗറി: ചൈനയുടെ ലി ഷിഫെഗിനെ തോല്‍പിച്ച് ലക്ഷ്യ സെന്‍ കാനഡ ഓപണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി. കാല്‍ഗറിയില്‍ നടന്ന കാനഡ ഓപ്പണിന്റെ ഫൈനലില്‍ 21-18, 22-20 നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെന്നിന്റെ ജയം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കന്നി സ്വര്‍ണം നേടിയ ശേഷം സെന്നിന്റെ ആദ്യ കിരീടമാണിത്. മേയില്‍ മലേഷ്യ മാസ്റ്റേഴ്‌സില്‍ എച്ച്.എസ് പ്രണോയിയുടെ വിജയത്തിന് ശേഷം ഈ വര്‍ഷം കിരീടം നേടുന്ന രാജ്യത്ത് നിന്നുള്ള രണ്ടാമത്തെ സിംഗിള്‍സ് താരമാണ് ഈ 21 കാരന്‍.

സീസണിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച സെന്‍ റാങ്കിങ്ങില്‍ 19-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നെങ്കിലും കിരീടത്തോടെ തിരിച്ചെത്തുകയായിരുന്നു.നേരത്തെ ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ലക്ഷ്യയുടെ ഫൈനല്‍ പ്രവേശനം.

Top