കാനഡ, മെക്‌സിക്കോ യാത്രാ നിയന്ത്രണം ഏപ്രില്‍ 21 വരെ നീട്ടി: യുഎസ്

വാഷിങ്ടണ്‍: കാനഡ, മെക്‌സിക്കോ അതിര്‍ത്തിയിലൂടെയുള്ള യാത്ര നിയന്ത്രണം യുഎസ് നീട്ടി. ഏപ്രില്‍ 21 വരെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. ഇന്നലെയാണ് പ്രഖ്യാപനം വന്നത്. ആവശ്യ സര്‍വീസുകളെ നിയന്ത്രണത്തിന്റെ പരിധിയില്‍ നിന്നും മാറ്റിയിട്ടുണ്ട്. ബൈഡന്‍ അധികാരത്തിലെത്തിയിട്ട് രണ്ടാം തവണയാണ് യാത്രാ നിയന്ത്രണം നീട്ടുന്നത്.

കാനഡ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ഭൂമിയും വ്യാപാര സ്ഥാപനങ്ങളും ഉണ്ടെങ്കില്‍ യാത്രാ നിരോധനം തടസ്സമാകുമെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. നിയമം നിലവില്‍ വരുന്നതോടെ മെക്‌സിക്കോയില്‍ നിന്നും അഭയാര്‍ഥികള്‍ അതിര്‍ത്തി കടന്നു അമേരിക്കയിലെത്തുന്നത് തടയാന്‍ സാധിക്കും എന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യം വെച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ അമേരിക്ക എത്തിയതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി അറിയിച്ചു. മൂന്നു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്താണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം എടുത്തത്. കനേഡിയന്‍ പബ്ലിക്ക് സേഫ്റ്റി മിനിസ്റ്റര്‍ ഇക്കാര്യങ്ങള്‍ ശരിവെക്കുകയും ചെയ്തു. അമേരിക്കയില്‍ എത്തുന്ന എല്ലാ വിദേശികള്‍ക്കും കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നു. രാജ്യത്ത് എത്തിയ ശേഷം പരിശോധന നടത്തണം. മൂന്നു ദിവസത്തിനുള്ളില്‍ പരിശോധിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ അധികാരികളെ കാണിക്കണം.

 

 

Top