വില്‍ക്കുന്ന ഓരോ സിഗരറ്റിലും മുന്നറിയിപ്പ് നല്‍കാനുള്ള തീരുമാനവുമായി കാനഡ

ടൊറന്റോ : വില്‍ക്കുന്ന ഓരോ സിഗരറ്റിലും മുന്നറിയിപ്പ് നല്‍കാനുള്ള തീരുമാനവുമായി കാനഡ. ഓരോ പുകയിലും മരണമെന്ന് വ്യക്തമാക്കുന്ന സിഗരറ്റുകളാകും ഇനി കാനഡയില്‍ വില്‍ക്കാന്‍ സാധിക്കുക. പാക്കറ്റിന് മുകളിലെ മുന്നറിയിപ്പ് പുറമേ ഓരോ സിഗരറ്റിലും മുന്നറിയിപ്പുണ്ടാകും. ചൊവ്വാഴ്ച മുതല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് ആദ്യ വാരത്തിലാണ് ഇത് സംബന്ധിയായ അറിയിപ്പ് ആദ്യമായി വന്നത്.

ലോക രാജ്യങ്ങളില്‍ ഓരോ സിഗരറ്റിലും മുന്നറിയിപ്പ് നല്‍കുന്ന ആദ്യ രാജ്യമാകും കാനഡ. മാറ്റത്തോട് കൂടിയുള്ള കിംഗ് സൈസ് സിഗരറ്റുകള്‍ ഒരു വര്‍ഷത്തിനുള്ളിലും റെഗുലര്‍ സൈസ് സിഗരറ്റുകള്‍ 2025ഓടെയും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യക്ഷത്തില്‍ തന്നെ അവഗണിക്കാന്‍ പറ്റുന്ന രീതിയില്‍ ഉള്ളതല്ല ഓരോ സിഗരറ്റിലുമുള്ള ഗ്രാഫിക് ചിത്രീകരണം. ഞെട്ടിക്കുന്ന രീതിയില്‍ തിരിച്ചറിവ് ലഭിക്കുന്ന രീതിയില്‍ ആണ് മുന്നറിയിപ്പ് സന്ദേശം സജ്ജമാക്കിയിട്ടുള്ളത്. പുകവലിയ്ക്കുന്ന യുവ തലമുറയില്‍ ഏറിയ പങ്കും ഓരോ സിഗരറ്റുകളായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലയാണ് സര്‍ക്കാരിന്റെ പുതിയ മാറ്റം.

2000ല്‍ സിഗരറ്റ് പാക്കറ്റുകളില്‍ ഗ്രാഫിക് മുന്നറിയിപ്പ് നല്‍കിയ ആദ്യ രാജ്യമായിരുന്നു കാനഡ. പുകവലി മൂലം തകരാറിലായ ശ്വാസകോശത്തിന്റെയും ഹൃദയന്റേയും അടക്കം ഗ്രാഫിക്കല്‍ ചിത്രങ്ങളായിരുന്നു പാക്കറ്റുകള്‍ മുന്നറിയിപ്പിനായി നല്‍കിയിരുന്നത്. പുകവലിക്കെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ടായിരുന്നു ഇത്. കഴിഞ്ഞ രണ്ട് ദശാബ്ദമായി പുകവലി കുറഞ്ഞ് വരികയാണ്. എന്നാല്‍ കാനഡ സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് ഓരോ വര്‍ഷവും 48000 പേരാണ് ഓരോ വര്‍ഷവും പുകവലി മൂലം മരണത്തിന് കീഴടങ്ങുന്നത്.

Top