കഴിക്കാന്‍ കുറച്ച് ഭക്ഷണം, കിടക്കാന്‍ ഒരു വീടും; ക്രിസ്മസ് സാന്റയ്ക്ക് കത്തെഴുതി ഏഴ് വയസ്സുള്ള കുട്ടി

ക്രിസ്മസ് സാന്റ നമ്മുടെ നാട്ടില്‍ സമ്മാനങ്ങള്‍ എത്തിക്കുന്ന പതിവില്ല. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ സമ്മാനം എത്തിക്കുന്ന ദൗത്യവുമായി സാന്റ അപ്പൂപ്പന്‍ കറങ്ങിനടക്കും. ഈ ആചാരങ്ങളുടെ ഭാഗമായി ഫാദര്‍ ക്രിസ്മസിന് ഒരു ഏഴ് വയസ്സുള്ള കുട്ടി എഴുതിയ കത്താണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. താമസിക്കാന്‍ ഒരു വീടും, കുടുംബത്തിന് കഴിക്കാന്‍ ഭക്ഷണവും ആവശ്യപ്പെട്ടാണ് കുട്ടിയുടെ കത്ത്.

ലിവര്‍പൂള്‍ എവേര്‍ട്ടണിലെ എല്‍6 കമ്മ്യൂണിറ്റി സെന്ററിന്റെ സാന്റാ ബോക്‌സിലാണ് കുട്ടി കത്ത് ഇട്ടത്. സെന്ററിലെത്തുന്ന കുട്ടികള്‍ക്ക് ക്രിസ്മസ് ആവശ്യങ്ങള്‍ എഴുതി അറിയിക്കാനാണ് ഈ ബോക്‌സ് സ്ഥാപിച്ചത്. സാന്റയോട് സഹായം അഭ്യര്‍ത്ഥിച്ച കുട്ടിയുടെ ഹൃദയംതകര്‍ക്കുന്ന കത്ത് പ്രാദേശിക കൗണ്‍സിലറാണ് കണ്ടത്.

‘പ്രിയപ്പെട്ട ക്രിസ്മസ് ഫാദര്‍. താങ്കള്‍ക്ക് സഹായിക്കാന്‍ കഴിയുമോ? ക്രിസ്മസിന് ഞങ്ങള്‍ക്കൊരു വീട് കിട്ടുമോ? അമ്മയ്ക്ക് ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് വേണമെന്നാണ്, കഴിക്കാന്‍ കുറച്ച് ഭക്ഷണവും തരാമോ, ക്രിസ്മസിന് എനിക്കൊരു സാധാരണ പാവക്കുട്ടിയെ തരാമോ, താങ്ക് യൂ’, കുട്ടി തന്റെ ആഗ്രഹങ്ങള്‍ നിറച്ച് ആ കത്തില്‍ കുറിച്ചു.

എത്ര കുടുംബങ്ങള്‍ ഇത്തരം അവസ്ഥ നേരിടുന്നുവെന്നാണ് കത്ത് കാണിക്കുന്നതെന്ന് കൗണ്‍സിലര്‍ വുഡ്ഹൗസ് പ്രതികരിച്ചു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി പണം ചെലവഴിച്ച് വമ്പന്‍ പര്‍ച്ചേസും, ഭക്ഷണവും ഒരുക്കുന്ന കുടുംബങ്ങള്‍ ഒരുവശത്ത് നില്‍ക്കുമ്പോഴാണ് കഴിക്കാന്‍ അല്‍പ്പം ഭക്ഷണം ചോദിക്കുന്ന കുട്ടിയുടെ കത്ത് ലഭിക്കുന്നത്. കുട്ടികള്‍ക്കായി 20,000 കളിപ്പാട്ടങ്ങള്‍ നല്‍കാനാണ് ഈ കമ്മ്യൂണിറ്റി സെന്റര്‍ തയ്യാറെടുക്കുന്നത്.

Top