ജയിലറുമായൊക്കെ മുട്ടാന്‍ പറ്റുമോ, കുഞ്ഞ് പടമല്ലേ നമ്മുടെ; കാതല്‍ വൈകുന്നതിനെ കുറിച്ച് മമ്മൂട്ടി

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതല്‍. ജ്യോതിക നായികയായ് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വെഫെറര്‍ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. സിനിമയുടെ ചിത്രികരണം കഴിഞ്ഞെങ്കിലും റിലീസിങ് തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോഴിതാ ചിത്രം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് മമ്മൂട്ടി.

‘കാതല്‍ ഒരു കുടുംബകഥയാണ്. എന്നാല്‍ കഥ വളരെ പുതുമയുള്ളതാണ്. കുടുംബ കഥ എന്ന് പറഞ്ഞാല്‍ അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, മക്കള്‍ അതൊക്കെ തന്നെയാണല്ലോ. പക്ഷേ അതല്ല ഈ സിനിമയിലെ വിഷയം. സിനിമയിലെ വിഷയം പുതിയതാണ്. അതൊന്ന് ഇറക്കണം. എപ്പോള്‍ ചെന്നാലും വലിയ വലിയ പടങ്ങള്‍ വരുന്നു. പിന്നെ എന്ത് ചെയ്യും. നമുക്ക് ജയിലറുമായൊക്കെ മുട്ടാന്‍ പറ്റുമോ, കുഞ്ഞ് പടമല്ലേ നമ്മുടെ’ എന്നും മമ്മൂട്ടി പറഞ്ഞു. കാതലിനെക്കുറിച്ച് പറയുകയാണെങ്കില്‍ വേഷത്തിലോ രൂപത്തിലോ ഒക്കെ ഞാന്‍ തന്നെയാണ്. പക്ഷേ കഥാപാത്രം കുറച്ച് വേറെയാണ്. പക്ഷേ ഈ കാണുന്ന ജോണറുകളിലുള്ള സിനിമയല്ല താരം കൂട്ടിച്ചേര്‍ത്തു. മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്രമേയത്തില്‍ വ്യത്യസ്തമായെത്തുന്ന ഒരു ചെറിയ കുടുംബ ചിത്രമാണ് കാതല്‍ എന്നാണ് മെഗാസ്റ്റാര്‍ പറയുന്നത്.

Top