ദൈവം ഋതുമതിയായ സ്ത്രീക്കും അവകാശപ്പെട്ടത്, വിശ്വാസികളെ ഇടതുപക്ഷത്തുനിന്നും അടര്‍ത്തരുത്

Pinaray vijayan

തൃശൂര്‍ : ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ നിന്നും വിശ്വാസികളെ വേര്‍തിരിച്ച് മാറ്റിനിര്‍ത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന ഓരോ യോഗം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നത്. ഇതില്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ അല്ലാത്തവരും വരുന്നുവെന്നും തൃശൂരില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ദൈവം ബ്രാഹ്മണന് എത്രത്തോളം അവകാശപ്പെട്ടതാണോ അത്രേേത്താളം അവകാശപ്പെട്ടതാണ് ഋതുമതിയായ സ്ത്രീക്കും എന്നെഴുതിയ എഴുത്തച്ഛനെ തിരുത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം എഴുത്തച്ഛന്‍ പുരോഗമനപരമാണ് കാര്യങ്ങളെ കണ്ടത്. അനാചാരത്തെ ഉറപ്പിക്കാനുള്ളതല്ല വിശ്വാസം . ആചാരങ്ങള്‍ മാറ്റാനും പരിഷ്‌കരിക്കാനും മുന്നിലുണ്ടായിരുന്നത് വിശ്വാസികളായിരുന്നു. അനാചരങ്ങള്‍ മാറ്റാനുളള ഊര്‍ജ്ജമായിരുന്നു അവര്‍ക്ക് വിശ്വാസം എന്നത് നാം മറന്നുകൂടെന്നും പിണറായി പറഞ്ഞു. .

ശബരിമലയില്‍ സര്‍ക്കാരോ ഇടതുമുന്നണിയോ പ്രത്യേകമായി ഒരു നിലപാട് എടുത്തിട്ടില്ല. 1991ല്‍ 10നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച ഹൈക്കോടതി വിധി വന്നതിനു ശേഷം തുടര്‍ന്നിങ്ങോട്ട് ആ വിധി നടപ്പാക്കുകയാണ് ചെയ്തത്. അല്ലാതെ മറികടക്കാന്‍ നോക്കിയില്ല. പിന്നീട് 2006ല്‍ ആര്‍എസ്എസ് അനുകൂലികളായ വനിത അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നല്‍കിയ അഫിഡവിറ്റില്‍ ആരാധനയുടെ കാര്യത്തില്‍ പുരുഷനൊപ്പം സ്ത്രീയ്ക്കും തുല്യ അവകാശമുണ്ടെന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ അറിയിച്ചു.

എന്നാല്‍ അതോടൊപ്പം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത് ഇത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നും, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും മുന്‍പ് ഹിന്ദു ധര്‍മശാസ്ത്ര പണ്ഡിതന്മാരുടെ കമ്മീഷനെ നിയോഗിച്ച് അഭിപ്രായം തേടണമെന്നും, വിധി എന്ത് തന്നെയായാലും സര്‍ക്കാര്‍ നടപ്പാക്കുമെന്നും വ്യക്തമാക്കി.

പറഞ്ഞ വാക്ക് പാലിക്കണമെന്ന് നിര്‍ബന്ധമുള്ള സര്‍ക്കാരാണിത്. അതിനനുസരിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചു എന്നാണ് ചിലര്‍ പറയുന്നത്.

കോടതി വിധിയനുസരിച്ച് മുന്നൊരുക്കം നടത്തുന്നത് അനാവശ്യ ധൃതിയല്ല. എല്‍ഡിഎഫിനൊപ്പം അണിനിരന്ന ജനങ്ങളില്‍ പകുതിയിലധികവും സ്ത്രീകളാണ്. സ്ത്രീകളെ ശബരിമലയിലേക്ക് അയച്ച് സംഘടിപ്പിക്കുക എന്നത് എല്‍ഡിഎഫിന്റെ നിലപാടല്ല.

സമൂഹത്തെ അന്ധകാരത്തിലേക്ക് നയിക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്. ശബിരമലയുടെ പവിത്രത തകര്‍ക്കാന്‍ വേണ്ടി ശ്രമിച്ചത് ആരാണെന്ന് തിരിച്ചറിയണം.

ഭക്തരെ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്യുന്നത് ആരാധനാലയങ്ങളുടെ പവിത്രതയ്ക്ക് ചേര്‍ന്നതാണോ? ഇത് ചെയ്തത് അക്രമം നടത്താനായി പ്രത്യേക പരിശീലനം കിട്ടിയ ക്രിമിനലുകളാണ്.

സന്നിധാനത്ത് ശാന്തിയും സമാധാനവും തകര്‍ക്കുകയാണ് ലക്ഷ്യം. പൊലീസിനു നേരെയും ആക്രമണമുണ്ടായി. അതിന്റെ ഉദ്ദേശം വ്യക്തമാണ്. എന്നാല്‍ പൊലീസ് സംയമനം പാലിച്ചു. സര്‍ക്കാര്‍ പൂര്‍ണമായും വിശ്വാസികള്‍ക്കൊപ്പമാണ്.

ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളില്‍ പണമിടരുതെന്നും പണം മുഴുന്‍ സര്‍ക്കാര്‍ കൊണ്ടുപോകുന്നുവെന്നുമാണ് ഇപ്പോഴത്തെ അടുത്ത പ്രചരണം. ഒരു ആരാധനാലയങ്ങളിലെയും ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. മറിച്ച് ക്ഷേത്രങ്ങള്‍ക്കായി അങ്ങോട്ട് നല്‍കുകയാണ് ചെയ്യുന്നത്.

ഇനി ഭണ്ഡാരങ്ങളില്‍ പണം ഇടരുതെന്ന് പ്രചരണം നടത്തുന്നതിന്റെ ഫലമായി ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ അവരുടെ വരുമാനം മുടങ്ങില്ല എന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.Related posts

Back to top