തരൂരിനെ മുൻ നിർത്തി സമുദായ രാഷ്ട്രീയം പയറ്റുന്ന നായർക്ക് പിഴക്കുമോ ?

പിണറായി സർക്കാർ അധികാരമേറ്റെടുത്തതോടെ മാളത്തിൽ ഒളിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വീണ്ടും ഇപ്പോൾ സജീവ രാഷ്ട്രീയ ഇടപെടലിന് തയ്യാറായിരിക്കുകയാണ്. ഇടതുപക്ഷ ഭരണത്തിന് അറുതി വരുത്താൻ ശശി തരൂർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. തരൂർ പ്രധാനമന്ത്രിയാകാനും യോഗ്യനെന്ന് പറഞ്ഞതിന് പിന്നിലെ യഥാർത്ഥ ‘അജണ്ട’യും അതു തന്നെയാണ്. ഡൽഹി നായരെന്ന് വിശേഷിപ്പിച്ച് മുൻപ് തരൂരിനെ പരിഹസിച്ച നാവുകൾ തന്നെയാണ് ഇപ്പോൾ തരൂരിനു വേണ്ടി യു.ഡി.എഫിലും ചരടുവലി നടത്തുന്നത്.

തരൂരിന്റെ റൂട്ട് സുഗമമാക്കുന്നതിനു വേണ്ടി രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും തള്ളിപ്പറയാനും സുകുമാരൻ നായർ മടി കാണിച്ചിട്ടില്ല. യു.ഡി.എഫ് ഭരണകാലത്ത് രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കുന്നതിന് ശക്തമായി സമ്മർദ്ദം ചെലുത്തിയ സുകുമാരൻ നായരുടെ മാറിയ നിലപാട് രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ മുൾമുനയിൽ നിർത്തിയായിരുന്നു അന്ന് ചെന്നിത്തലയ്ക്കായി എൻ.എസ്.എസ് പോർമുഖം തുറന്നിരുന്നത്.

എന്നാൽ രമേശ് ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവന്നതിന് പിന്നാലെ “തന്നെ ആരും ജാതീയമായി ബ്രാൻഡ് ചെയ്യേണ്ടെന്ന” വിശദീകരണമാണ് ചെന്നിത്തല നൽകിയിരുന്നത്. ഇതിനുള്ള മറുപടിയും ഇപ്പോൾ സുകുമാരൻ നായർ നൽകിയിട്ടുണ്ട്. ചെന്നിത്തല പറഞ്ഞതിനോട് തനിക്ക് ഒരു വിരോധവുമില്ലന്നു വ്യക്തമാക്കിയ അദ്ദഹം യുഡിഎഫ് സർക്കാരിന് ഭരണം പോയത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ ഉയർത്തിക്കാട്ടിയതുകൊണ്ടാണെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടി ആയിരുന്നുവെങ്കിൽ ഇത്രവലിയ തോൽവി നേരിടേണ്ടി വരില്ലായിരുന്നു എന്നതാണ് സുകുമാരൻ നായരുടെ വാദം.

ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് ഏറെ ‘പവർഫുൾ ‘ ആയിരുന്ന സമുദായ നേതാവാണ് സുകുമാരൻ നായർ. ഈ സമുദായ നേതാവ് പലപ്പോഴും യു.ഡി.എഫ് സർക്കാറിനെ മുൾമുനയിൽ നിർത്തി അനുകൂല തീരുമാനമെടുപ്പിച്ചതും, ഈ കേരളം കണ്ട കാഴ്ചയാണ്. എന്തിനേറെ സ്ഥാനാർത്ഥി നിർണ്ണയങ്ങൾ മുതൽ ഐ.എ.എസ് – ഐ.പി.എസ് ഉദ്യോഗസ്ഥ നിയമനങ്ങളിൽ വരെ സാമുദായിക നേതൃത്വങ്ങൾ അക്കാലത്ത് ശക്തമായി ഇടപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒട്ടും പിന്നിലായിരുന്നില്ല. അദ്ദേഹത്തിനും ഉമ്മൻ ചാണ്ടി സർക്കാറിൽ ശക്തമായ സ്വാധീനമാണ് ഉണ്ടായിരുന്നത്.

ഇടതുപക്ഷത്തിന് തുടർ ഭരണം വന്നതോടെയാണ് ഈ ജാതി – മത ശക്തികളുടെ സകല സ്വാധീനവും നഷ്ടമായിരുന്നത്. യു.ഡി.എഫ് സർക്കാറുകൾക്ക് മുകളിൽ സൂപ്പർ പവറായവർക്ക് ഇടതു സർക്കാറിന് കീഴ്പ്പെട്ട് അടങ്ങി ഒതുങ്ങി നിൽക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകൾക്കും പിണറായി സർക്കാർ നിന്നു കൊടുത്തിട്ടില്ല. അതു തന്നെയാണ് മറ്റു സർക്കാറുകളിൽ നിന്നും, ഇടതുപക്ഷ സർക്കാറുകളെ വ്യത്യസ്തമാക്കുന്നത്.

കടുത്ത ഇടതുപക്ഷ വിരോധി കൂടിയായ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ഇപ്പോൾ ആഗ്രഹിക്കുന്നത് സംസ്ഥാനത്ത് ഒരു ഭരണമാറ്റമാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലെങ്കിലും അതു സാധ്യമാകണമെന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അതിനു വേണ്ടിയുള്ള കളമൊരുക്കലാണ് ഇപ്പോൾ അണിയറയിൽ നടക്കുന്നത്. ഒരിക്കൽ തള്ളിപ്പറഞ്ഞ തരൂരിനെ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിച്ചതു തന്നെ രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തിയാണ്. ഇതിന് കോൺഗ്രസ്സിലെ ഉമ്മൻ ചാണ്ടി വിഭാഗത്തിന്റെ പിന്തുണയുമുണ്ട്. ഇടതിനെതിരെ ശക്തനായ ഒരു മുഖമില്ലങ്കിൽ നല്ല മത്സരം പോലും കാഴ്ചവയ്ക്കാൻ പറ്റില്ലന്നാണ് കോൺഗ്രസ്സിലെ ഈ പ്രബല വിഭാഗം കരുതുന്നത്. തരൂരിന്റെ പേരാണ് ഇവരും മുന്നോട്ട് വയ്ക്കുന്നത്. മുഖ്യമന്ത്രി പദ മോഹികളായ രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും വെട്ടി നിരത്താമെന്ന ‘അജണ്ട’യും ഈ നീക്കങ്ങൾക്കു പിന്നിലുണ്ട്.

ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം തരൂരിനെ മുൻ നിർത്തി മുന്നോട്ട് പോകാനാണ് തീരുമാനം. വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ നേടിയ 19 സീറ്റിൽ പകുതി പോലും ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷ കോൺഗ്രസ്സിലെ ഒരു വിഭാഗത്തിനും ഇല്ലന്നതും ഒരു യാഥാർത്ഥ്യമാണ്. ഏറിയാൽ 5 സീറ്റുകളിലാണ് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും യു.ഡി.എഫിന് സാധ്യത കൽപ്പിക്കുന്നത്. പരമ്പരാഗതമായി യു.ഡി.എഫിന് അനുകൂലമായിരുന്ന ന്യൂനപക്ഷ വോട്ടുബാങ്കിൽ ഇടതുപക്ഷം ഉണ്ടാക്കിയ വിള്ളലാണ് ഇത്തരമൊരു നിഗമനത്തിനു കാരണമായിരിക്കുന്നത്.

മുസ്ലീം ജനവിഭാഗത്തിലെ എ.പി വിഭാഗം സുന്നികൾക്കു പുറമെ കടുത്ത യു.ഡി.എഫ് പക്ഷക്കാരായി അറിയപ്പെട്ടിരുന്ന സമസ്ത, മുജാഹിദ് വിഭാഗങ്ങളിലും ഇടതുപക്ഷത്തിന് ഇപ്പോൾ ഏറെ സ്വീകാര്യത കൈവന്നിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തിലെ മേൽക്കോയ്മ നില നിർത്തുന്നതിനോടൊപ്പം തന്നെ ന്യൂനപക്ഷത്തിൽ നിന്നും അധികമായി നേടുന്ന ഈ പിന്തുണയാണ് ഇടതുപക്ഷത്തിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നത്. ഈ അപകടം മുന്നിൽ കണ്ട് ഭൂരിപക്ഷ സമുദായത്തെ ഇടതുപക്ഷത്തിന് എതിരെ തിരിക്കാനുള്ള തന്ത്രങ്ങളാണ് എൻ.എസ്.എസ് നേതൃത്വം നടത്തുന്നത്.

തരൂർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ ഇടതുപക്ഷത്തിന്റെ കോട്ടയായ ഹിന്ദു വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ കഴിയുമെന്നാണ് കണക്കു കൂട്ടൽ. ഇതിനായി എസ്.എൻ.ഡി.പി ഉൾപ്പെടെയുള്ള സംഘടനകളെ കൂട്ടു പിടിക്കാനും അണിയറയിൽ ശ്രമം നടക്കുന്നുണ്ട്. എന്നാൽ അതൊന്നും തന്നെ ഇതുവരെ വിലപ്പോയിട്ടില്ല. ഇനിയൊട്ട് വിലപ്പോകാനും സാധ്യതയില്ല. എൻ.എസ്.എസ്.എസും, എസ്.എൻ.ഡി.പിയും മാത്രമല്ല മറ്റു സകല ജാതി – മത ശക്തികളും എതിരായി നിന്ന തിരഞ്ഞെടുപ്പുകളിൽ പോലും എതിരാളികളെ തകർത്ത് വിജയം നേടിയ ചരിത്രമാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുള്ളത്. അതെല്ലാം തന്നെ രാഷ്ട്രീയ കേരളത്തിന്റെ പ്രബുദ്ധത വെളിവാക്കുന്ന വിജയങ്ങളുമായിരുന്നു. ഇതിനെ കേവലം ഏതെങ്കിലും ഒരു വ്യക്തിയുടെ ‘മുഖം’ മുൻ നിർത്തി അട്ടിമറിക്കാമെന്നത് രാഷ്ട്രീയ കേരളത്തിൽ നടപ്പുള്ള കാര്യമൊന്നുമല്ല.

തിരഞ്ഞെടുപ്പുകൾ എന്നത് ഏതെങ്കിലും വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ല മുന്നണികളും അവർ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും തമ്മിലുള പോരാട്ടമാണത്. സംഘടനാപരമായ കരുത്തും ഏതൊരു രാഷ്ട്രീയ പാർട്ടിക്കും വിജയിക്കാൻ അനിവാര്യമാണ്. സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ പോലും ആരോഗ്യമില്ലാത്ത ഒരു പാർട്ടിയെ മുൻ നിർത്തി തരൂരല്ല സാക്ഷാൽ ‘ദേവന്ദ്രൻ’ വന്ന് പട നയിച്ചാലും പരാജയപ്പെടാൻ തന്നെയാണ് സാധ്യത.

EXPRESS KERALA VIEW

Top