Can Eat Or Keep Beef Brought From Outside Maharashtra, Says Bombay High Court

മുംബൈ: മഹാരാഷ്ട്രയിലെ ഗോമാംസ നിരോധനം തുടരാമെന്ന് ബോംബെ ഹൈക്കോടതി. ഗോമാംസ നിരോധനം ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

എന്നാല്‍ മഹാരാഷ്ട്രയ്ക്ക് പുറത്തു നിന്ന് കൊണ്ടുവരുന്ന ഗോമാംസം കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ജസ്റ്റിസുമാരായ അഭയ് ഓക, സുരേഷ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഫിബ്രവരിയിലാണ് മഹാരാഷ്ട്രയില്‍ ഗോമാംസം നിരോധിച്ചുകൊണ്ടുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.

ഗോമാംസം വില്‍ക്കുന്നതും കൈവശംവെക്കുന്നതും കയറ്റുമതിചെയ്യുന്നതുമൊക്കെ ഈ ബില്‍ നിയമമായതോടെ ജാമ്യമില്ലാക്കുറ്റമായിരുന്നു. അഞ്ചുവര്‍ഷംവരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കും. എന്നാല്‍, പോത്തിറച്ചിക്ക് നിരോധനമില്ല.

ബി.ജെ.പി.ശിവസേന സഖ്യം മഹാരാഷ്ട്രയില്‍ ഭരണത്തിലിരുന്ന കാലത്ത് 1996ലാണ് ഗോമാംസം നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര മൃഗസംരക്ഷണ(ഭേദഗതി) ബില്‍ അന്നത്തെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്. കഴിഞ്ഞ 19 വര്‍ഷമായി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കാത്തുകിടക്കുകയായിരുന്നു ഈ ബില്‍.

ഗോവധം നിരോധിച്ചുകൊണ്ടുള്ള നിയമം 1976ല്‍ത്തന്നെ മഹാരാഷ്ട്രയില്‍ നടപ്പാക്കിയതാണ്. എന്നാല്‍, ആരോഗ്യനില വ്യക്തമാക്കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റ് വാങ്ങി കാളകളെയും മറ്റും കൊന്ന് ഇറച്ചി വില്‍ക്കുന്നത് തടഞ്ഞിരുന്നില്ല. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഗോമാംസം പൂര്‍ണമായും നിരോധിക്കപ്പെട്ടു.

Top