ലാഹോറില്‍ ക്യാമ്പസിനുള്ളില്‍ പ്രൊപ്പോസ് ചെയ്ത വിദ്യാര്‍ഥികളെ പുറത്താക്കി

ലാഹോര്‍: ക്യാമ്പസിനുള്ളില്‍ പ്രണയാഭ്യര്‍ഥന നടത്തിയ വിദ്യാര്‍ഥികളെ പുറത്താക്കി യൂണിവേഴ്‌സിറ്റി അധികൃതര്‍. പാകിസ്ഥാനിലെ ടോപ്പ് യൂണിവേഴ്‌സിറ്റികളിലൊന്നായ ലാഹോര്‍ യൂണിവേഴ്‌സിറ്റി അധികൃതരാണ് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി ഓഫ് ലാഹോര്‍ അധികൃതര്‍ ഒരു ചര്‍ച്ച വിളിച്ചു ചേര്‍ത്തിരുന്നു. പെണ്‍കുട്ടിയോടും സുഹൃത്തിനോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇരുവരും എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പുറത്താക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമെടുത്തത്.

യൂണിവേഴ്‌സിറ്റി ക്യാംപസിനുള്ളില്‍ ഇരുവര്‍ക്കും പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ കടുത്ത അച്ചടക്ക ലംഘനവും യൂണിവേഴ്‌സിറ്റി ചട്ടങ്ങളുടെ ലംഘനവുമാണ് നടത്തിയതെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ വിശദീകരണം. ‘സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സമിതിയുടെ മുമ്പാകെ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. അതിനാല്‍ കാമ്പസിലെ പൊതു അച്ചടക്ക- പെരുമാറ്റച്ചട്ടത്തിലെ സെക്ഷന്‍ 9 അനുസരിച്ച്, വാഴ്‌സിറ്റി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനും പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതരമായ ലംഘനത്തിനും രണ്ട് വിദ്യാര്‍ത്ഥികളെയും പുറത്താക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. കൂടാതെ, സെക്ഷന്‍ 16 അനുസരിച്ച്, ലാഹോര്‍ സര്‍വകലാശാലയിലേക്കും അതിന്റെ എല്ലാ ഉപ കാമ്പസുകളിലേക്കും പ്രവേശിക്കുന്നതില്‍ നിന്ന് അവരെ വിലക്കിയിരിക്കുന്നു,’ലാഹോര്‍ സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ക്യാമ്പസിനുള്ളിലെ മനോഹരമായ പ്രൊപ്പോസല്‍ വീഡിയോ വൈറലാകുന്നത്. കയ്യില്‍ റോസാപ്പൂക്കളുടെ ബൊക്കയുമായി മുട്ടുകാലില്‍ നിന്ന് സഹപാഠിയോട് പ്രണയാഭ്യര്‍ഥന നടത്തുന്ന പെണ്‍കുട്ടിയാണ് ദൃശ്യങ്ങളില്‍. ബൊക്കെ വാങ്ങിയ യുവാവ് പെണ്‍കുട്ടിയെ വലിച്ച് തന്നിലേക്കടുപ്പിച്ച് ആലിംഗനം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ചുറ്റും നില്‍ക്കുന്ന മറ്റ് വിദ്യാര്‍ഥികള്‍ ആര്‍പ്പു വിളിച്ചും കയ്യടിച്ചും ഇവരുടെ സന്തോഷത്തില്‍ പങ്കാളികളാകുന്നുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായ ഈ വീഡിയോ യൂണിവേഴ്‌സിറ്റി അധികൃതരുടെ ശ്രദ്ധയിലും വന്നതോടെയാണ് നടപടി. അതേസമയം വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ്.

 

Top