മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് മാർച്ചിൽ സംഘർഷം

മലപ്പുറം : മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തി വീശി. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ.എ. റൗഫിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. കേന്ദ്രസർക്കാരിന്റെ പകപോക്കൽ നടപടിയുടെ ഭാഗമാണ് അറസ്റ്റെന്നാരോപിച്ചായിരുന്നു മാർച്ച്. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ 150ൽ അധികം പ്രവർത്തകരാണ് മലപ്പുറത്തെ ജിഎസ്ടി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ഇവരുടെ പ്രതിഷേധം പരിധി വിട്ടതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. പ്രതിഷേധക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ പൊലീസ് ഇവരെ ഓടിച്ചിട്ട് തല്ലി. നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ.) ദേശീയ ജനറൽ സെക്രട്ടറിയും കൊല്ലം അഞ്ചൽ സ്വദേശിയുമായ കെ.എ. റൗഫിനെ കസ്റ്റഡിയിലെടുത്തത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന കലാപങ്ങളിൽ റൗഫിനു പങ്കുണ്ടെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഇതിൽ വിശദമായ ചോദ്യംചെയ്യൽ ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. രാജ്യംവിടാൻ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് റൗഫിനെ കസ്റ്റഡിയിലെടുത്തത്. കണ്ണൂർ നാറാത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.) സംഘടിപ്പിച്ച ആയുധപരിശീലനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ. കേസെടുത്തിരുന്നു. ഇതിൽ കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നു വ്യക്തമായതിനെത്തുടർന്ന് ഇ.ഡി. ഡൽഹി യൂണിറ്റ് പ്രത്യേക കേസെടുത്തു. ഇതിലാണ് റൗഫിനെ അറസ്റ്റുചെയ്തത്.

റൗഫ് കാമ്പസ് ഫ്രണ്ട്-പോപ്പുലർ ഫ്രണ്ട് എന്നിവയുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനായിരുന്നു. ഇയാളുടെ അക്കൗണ്ടുകളിൽ രണ്ടുകോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പത്തുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും എട്ടുദിവസമാണ് കോടതി അനുവദിച്ചത്.

Top