തടവിൽ കഴിയവേ എ ഐ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി; ഇമ്രാൻ ഖാൻ

ടവില്‍ കഴിയവേ കൃത്രിമ ബുദ്ധി ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ പ്രചാരണത്തിന്റെ ഭാഗമായി വോയ്സ് ക്ലോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രസംഗങ്ങളും നടത്തുന്നുണ്ട്. രാജ്യത്തിന്റെ രഹസ്യ രേഖകള്‍ ചോര്‍ത്തിയ കേസിലാണ് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ജയിലിലായത്.

ഫെയ്സ്ബുക്ക്, എക്സ്, യൂട്യൂബ് എന്നിവയില്‍ പി ടി ഐ പ്രവര്‍ത്തകര്‍ നടത്തിയ അഞ്ച് മണിക്കൂര്‍ നേരത്തെ തത്സമയ പരിപാടിക്കൊടുവിലാണ് ഇമ്രാന്‍ ഖാന്റെ ഓഡിയോ സംപ്രേക്ഷണം ചെയ്തത്. ഇമ്രാന്‍ ഖാന്റെ ചിത്രങ്ങളും പഴയ വിഡിയോകളും കൂടെ ഉപയോഗിച്ചിരുന്നു. അടിച്ചമര്‍ത്തലുകള്‍ മറികടക്കാനുള്ള വഴിയായിരുന്നു ഇതെന്ന് പി ടി ഐ സാമൂഹ്യമാധ്യമ മേധാവി ജിബ്രാന്‍ ഇല്യാസ് പ്രതികരിച്ചു. ഇമ്രാന്‍ ഖനില്ലാതെ രാഷ്ട്രീയ റാലികള്‍ അപൂര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതകള്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയാണ് പി ടി ഐയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുവാക്കളെ കൂടെ നിര്‍ത്താന്‍ പാര്‍ട്ടി ഇതിലൂടെ ലക്ഷ്യമിടുന്നത്.

പിടിഐയുടെ നേതൃത്വത്തിലാണ് കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള പരീക്ഷണം. ‘വിര്‍ച്വല്‍ റാലി’ എന്ന തലക്കെട്ടില്‍ നാല് മിനിട്ടുള്ള സന്ദേശമാണ് സമൂഹമാധ്യമം വഴി തിങ്കളാഴ്ച പ്രചരിപ്പിച്ചത്. എന്നാല്‍ പരിപാടി നടക്കുന്നതിനിടെ നിരവധി തവണ ഇന്റര്‍നെറ്റ് തടസപ്പെട്ടത് ഇമ്രാന്‍ ഖാന്റെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പി ടി ഐ ആരോപിച്ചു.2018ല്‍ പാകിസ്താന്‍ സൈന്യത്തിന്റെ സര്‍വ പിന്തുണയോടെ അധികാരത്തിലേറിയ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനെ കഴിഞ്ഞ വര്‍ഷമാണ് അവിശ്വാസ വോട്ടെടുപ്പിലൂടെ സ്ഥാനഭ്രഷ്ടനാക്കിയത്. തനിക്കെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയായ ഷഹബാസ് ഷെരീഫിനെതിരെ വലിയതോതിലുള്ള പ്രചാരണവും ഇമ്രാന്‍ നടത്തിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തോഷകാന കേസില്‍ ഇമ്രാന്‍ ഖാന്‍ അറസ്റ്റിലാകുന്നത്. ഏകദേശം 150 ലധികം കേസുകളാണ് നിലവില്‍ മുന്‍ പ്രധാനമന്ത്രിയുടെ പേരിലുള്ളത്.

Top