സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ ആക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഓണ്‍ലൈന്‍ വഴിയാക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പയിന്‍. ഒരുകൂട്ടം യുവാക്കളാണ് ഇതിനുവേണ്ടി ഓണ്‍ലൈന്‍ ഒപ്പുശേഖരണം നടത്തുന്നത്. ഇതിനായി നിവേദനം തയ്യാറാക്കാന്‍ സമൂഹമാധ്യമങ്ങളില്‍ takeoathonline എന്ന ഹാഷ്ടാഗില്‍ പ്രചാരണം നടക്കുന്നുണ്ട്.

കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി 180 പേര്‍ ഇതിനകം ഒപ്പിട്ടതായി ക്യാമ്പയിനു തുടക്കം കുറിച്ച അര്‍വിന്ദ് സോജു, അശ്വിന്‍ സുരേഷ്, ബിനു കെ.എന്‍ എന്നിവര്‍ ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു. ഈ നിവേദനം ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കൈമാറാനാണ് തീരുമാനം.

പിണറായി വിജയന്‍, കെ കെ ശൈലജ ടീച്ചര്‍, ബിനോയ് വിശ്വം, ശശി തരൂര്‍, വി കെ പ്രശാന്ത്, ആര്യ രാജേന്ദ്രന്‍, ആന്റണി രാജു തുടങ്ങിയവരെ ടാഗ് ചെയ്താണ് ഒപ്പുശേഖരണം നടത്തുന്നത്. 800 പേരെ പങ്കെടുപ്പിച്ച് തുറന്ന സ്ഥലത്ത് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുമെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം യുവാക്കള്‍ കൈക്കൊണ്ടത്.

Top