തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്ന് പാകിസ്ഥാന്‍. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 30,000 മദ്രസ്സകളെയും വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു.

30,000 മദ്രസ്സകളില്‍ 100 എണ്ണത്തിലാണ് തീവ്രവാദം സംബന്ധിച്ച പാഠ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. പാകിസ്ഥാനില്‍ ഇപ്പോള്‍ ഒരു തീവ്രവാദസംഘടന പോലുമില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമെന്നും ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൊണ്ടുവന്ന് മദ്രസ്സകളിലെ പാഠ്യക്രമം മാറ്റുന്ന കാര്യമാണ് ഇപ്പോള്‍ ആലോചിക്കുന്നത്. വിദ്വേഷപ്രസംഗത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയും മറ്റ് മതങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയും ചെയ്യാനാണ് സര്‍ക്കാരിന്റെ പദ്ധതി.

Top