Cameroon train derailment kills at least 53

യോണ്ടെ: കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 പേര്‍ മരിച്ചു. കാമഫൂണിന്റെ തലസ്ഥാനമായ യോണ്ടെയില്‍ നിന്ന് സാമ്പത്തിക തലസ്ഥാനമായ ദൗലയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പ്രാദേശിക സമയം 12 മണിയോടെയാണ് അപകടം നടന്നതെന്നാണ് വിവരം.

സംഭവത്തില്‍ 53 പേര്‍ മരിക്കുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍. യോണ്ടെയില്‍ നിന്ന് 120 കിലോമീറ്റര്‍ മാറി സെന്‍ട്രല്‍ പ്രവിശ്യയിലെ എസേക്ക സ്റ്റഷന് സമീപത്തു വച്ചാണ് അപകടം നടന്നത്.

600 പേര്‍ യാത്ര ചെയ്യേണ്ട ട്രെയിനില്‍ അപകട സമയത്ത് 1300ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായി ദ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം കാമറൂണിലെ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് യാത്രക്കാര്‍ക്കായി എട്ട് ബോഗികള്‍ അധികമായി ട്രെയിനില്‍ ഘടിപ്പിച്ചിരുന്നു. ഇതാണ് യാത്രക്കാരുടെ തിരക്ക് വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിവരം. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗതാഗത മന്ത്രി എഡ്ഗാര്‍ഡ് അലെന്‍ മെബേന്‍ഗോ അറിയിച്ചു.

Top