ഐപിഎല്‍ താരലേലത്തിന് പിന്നാലെ മെല്‍ബണില്‍ റെക്കോര്‍ഡ് പ്രകടനവുമായി കാമറൂണ്‍ ഗ്രീന്‍

മെല്‍ബണ്‍: ഡിസംബര്‍ 23ന് കൊച്ചിയില്‍ നടന്ന ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില കിട്ടിയ രണ്ടാമത്തെ താരമാണ് 23കാരനായ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍. 17.50 കോടി രൂപയ്‌ക്കാണ് ഗ്രീനിനെ മുബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമായി തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ് കാമറൂണ്‍ ഗ്രീന്‍.

കൊച്ചിയില്‍ ഐപിഎല്‍ താലലേലം തുടങ്ങും മുമ്പേ തന്നെ ഉറപ്പായിരുന്നു കാമറൂണ്‍ ഗ്രീനിന് വമ്പന്‍ തുക ലഭിക്കുമെന്ന്. ഇന്ത്യന്‍ പര്യടനത്തില്‍ ഓപ്പണറായി പുറത്തെടുത്ത ബാറ്റിംഗ് വെടിക്കെട്ടായിരുന്നു ഇതിന് പ്രധാന കാരണം. ഗ്രീൻ വലംകൈയൻ ബാറ്ററും വലംകൈ പേസറുമാണ്. അതിനാല്‍ തന്നെ ലേലത്തില്‍ ഗ്രീനിനായി വാശിയേറിയ പോരാട്ടം നടന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരുടെ വിളികള്‍ അതിജീവിച്ചാണ് ഗ്രീനിനെ 17.50 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന രണ്ടാമത്തെ വിലയാണിത്. മുംബൈ കുപ്പായത്തില്‍ നിന്ന് വിരമിച്ച കീറോണ്‍ പൊള്ളാര്‍ഡിന് പകരക്കാരനായാണ് ഗ്രീനിനെ ടീം കണക്കാക്കുന്നത് എന്നാണ് അനുമാനം.

മുംബൈ ടീമിന്റെ തീരുമാനത്തിന് ക്രിസ്‌മസ് സമ്മാനം പോലൊരു പ്രകടനമാണ് ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഓസീസിനായി മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഗ്രീന്‍ പുറത്തെടുത്തത്. 10.4 ഓവറില്‍ മൂന്ന് മെയ്‌ഡന്‍ ഓവറുകള്‍ സഹിതം 27 റണ്‍സിന് അഞ്ച് വിക്കറ്റുമായി ഗ്രീന്‍ കളംനിറഞ്ഞതോടെ ദക്ഷിണാഫ്രിക്ക 189ല്‍ പുറത്തായി. ഗ്രീനിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. തുനിസ് ഡി ബ്രൂയിന്‍(12), മാര്‍കോ ജാന്‍സന്‍ (59), കെയ്ല്‍ വെറെയ്‌നെ (52), കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി എന്നിവരെയാണ് ഗ്രീന്‍ പുറത്താക്കിയത്.

Top