കടുവാ നിരീക്ഷണ ക്യാമറകള്‍ മോഷണം പോയി; പിന്നില്‍ മാവോയിസ്റ്റുകളെന്ന് വനംവകുപ്പ്

maoist

നിലമ്പൂര്‍: ഉള്‍വനത്തില്‍ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ മോഷണം പോയി. കടുവകളെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിരുന്ന ക്യാമറകളാണ് മോഷണം പോയത്. സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒരു മാസം മുമ്പാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ദേശീയ കടുവാ നിരീക്ഷണ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. ഇതില്‍ കാളികാവ് പാട്ടക്കരിമ്പ് ആദിവാസി കോളനിക്ക് അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചിരുന്ന രണ്ട് ക്യാമറകളാണ് മോഷണം പോയത്. ചിത്രശലഭങ്ങളുടെ സെന്‍സസിനായി കഴിഞ്ഞ ദിവസം വനത്തിനുള്ളിലെത്തിയപ്പോഴാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം അറിയുന്നത്.

കാളികാവ് റേഞ്ച് ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 5 ദിവസം മുമ്പ് പാട്ടക്കരിമ്പിന് സമീപത്തുള്ള പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. കോളനിക്കാര്‍ക്ക് ലഘുലേഘകളും മറ്റും വിതരണം ചെയ്താണ് ഇവര്‍ മടങ്ങിയത്. ഈ സംഘം ഇപ്പോഴും നിലമ്പൂര്‍ ഉള്‍വനത്തില്‍ തുടരുന്നുണ്ടെന്നാണ് തണ്ടര്‍ ബോള്‍ട്ടിനും വനം വകുപ്പിനും കരുതുന്നത്.

2016 നവംബര്‍ 24 നാണ് നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട കരുളായിയില്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമായിരുന്ന കുപ്പു ദേവരാജനും അജിതയും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. വനത്തിനുള്ളില്‍ തണ്ടര്‍ ബോള്‍ട്ട് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Top