ലഹരി ഉപയോഗിച്ച് ജോലിക്കെത്തി; ഡല്‍ഹിയില്‍ എടിസി ജീവനക്കാരനെതിരെ നടപടി

ന്യൂഡൽഹി: ലഹരിമരുന്ന് ഉപയോഗിച്ച് ജോലിക്കെത്തിയതിന് എയർ ട്രാഫിക് കൺട്രോളറെ ജോലിയിൽനിന്ന് മാറ്റിനിര്‍ത്തി. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ എ.ടി.സി. ജീവനക്കാരനേയാണ് ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മാറ്റിയത്. ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

ഈ വർഷം തുടക്കത്തിൽ വിമാനത്താവള ഉദ്യോഗസ്ഥർക്ക് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ചു കൊണ്ടുള്ള പുതിയ നിര്‍ദ്ദേശം അടങ്ങിയ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിൽ വിമാനത്തിലെ ഉദ്യോഗസ്ഥരേയും എ.ടി.സി. ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റിലാണ് എ.ടി.സി. ഉദ്യോഗസ്ഥൻ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. നിയമം നടപ്പിലാക്കിയതിന് ശേഷം ഇതുവരേയായി വിവിധ വിമാനങ്ങളിലെ മൂന്ന് പൈലറ്റുമാരെ ഇത്തരത്തിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ എ.ടി.സിയിൽ ഇതാദ്യമാണ്.

ടെസ്റ്റിൽ പോസിറ്റീവ് ആകുന്ന വ്യക്തി വീണ്ടും ഒരുതവണ കൂടി ഇത്തരത്തിൽ പിടിക്കപ്പെട്ടാൽ അയാളുടെ ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. മൂന്നാമതും പിടിക്കപ്പെടുകയാണെങ്കിൽ റദ്ദാക്കും.

Top