കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം; ഫെയ്‌സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് പിഴ

facebook

ലണ്ടന്‍: കേംബ്രിഡ്ജ് അനലിറ്റിക്ക വിവര ചോര്‍ച്ചാ വിവാദത്തില്‍ സോഷ്യല്‍മീഡിയാ സ്ഥാപനമായ ഫെയ്‌സ്ബുക്കിന് അഞ്ച് ലക്ഷം പൗണ്ട് (ഏകദേശം 4,72,22,250 രൂപ) പിഴ. ബ്രിട്ടനാണ് പിഴ വിധിച്ചത്. ഗുരുതരമായ നിയമ ലംഘനമാണ് ഫെയ്‌സ്ബുക്കില്‍ നിന്നുമുണ്ടായത് എന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ കാര്യാലയം (ഐസിഒ) പറഞ്ഞു.

യൂറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന പഴയ വിവരസംരക്ഷണനിയമത്തില്‍ പറഞ്ഞിട്ടുള്ള പരമാവധി തുകയാണ് ഫെയ്‌സ്ബുക്കിന് വിധിച്ചിരിക്കുന്നത്.

വ്യക്തമായ അനുമതിയില്ലാതെ ഫെയ്‌സ്ബുക്ക് ജനങ്ങളുടെ വിവരങ്ങള്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് കൈമാറിയെന്നും പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്നും ജൂലൈയില്‍ തന്നെ ഐസിഒ വ്യക്തമാക്കിയിരുന്നു.

2007-2014 കാലഘട്ടത്തില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി കൈകാര്യം ചെയ്യുകയും വ്യക്തമായ അനുമതിയില്ലാതെ ആ വിവരങ്ങള്‍ ഉപയോഗിക്കാന്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരെ അനുവദിച്ചുവെന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലാത്തവരുടെ വിവരങ്ങള്‍ പോലും അവര്‍ക്ക് ലഭ്യമാക്കിയെന്നും പിഴത്തുക സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഐസിഒ വിശദീകരിച്ചു.

Top