വിവരച്ചോര്‍ച്ച; കേംബ്രിജ് അനലറ്റിയ്‌ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: നിയമവിരുദ്ധമായി ഇന്ത്യന്‍ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ശേഖരിച്ചതിന് കേംബ്രിജ് അനലിറ്റിക്കയ്ക്ക് എതിരെയും ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജിഎസ്ആര്‍എല്‍) എന്ന കമ്പനിയ്ക്കെതിരെയും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 5.62 ലക്ഷം പേരുടെ വിവരങ്ങളാണ് ശേഖരിച്ചതെന്നാണ് ആക്ഷേപം.

വിഷയം സിബിഐ അന്വേഷിക്കുമെന്ന് 2018-ല്‍ ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇരു സ്ഥാപനങ്ങള്‍ക്കുമെതിരെ ഗൂഢാലോചന, സൈബര്‍ കുറ്റകൃത്യം എന്നിവയിലാണ് കേസ്.

ഇന്ത്യയില്‍ നിന്നുള്ള 5.62 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ജിഎസ്ആര്‍എല്‍ നിയമവിരുദ്ധമായി ശേഖരിച്ചുവെന്നും അത് കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ചുവെന്നും സിബഐയുടെ ചോദ്യം ചെയ്യലില്‍ ഫെയ്സ്ബുക്ക് പറഞ്ഞിരുന്നു.

ജിഎസ്ആര്‍എല്‍ സ്ഥാപകനായ ഡോ. അലക്സാണ്ടര്‍ കോഗന്‍ നിര്‍മിച്ച ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ് എന്ന ആപ്പിലൂടെയാണ് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത്.

ജനസംഖ്യാ വിവരങ്ങള്‍, ലൈക്ക് ചെയ്ത പേജുകള്‍, സ്വകാര്യ ചാറ്റിലെ ഉള്ളടക്കങ്ങള്‍ എന്നിവ ആപ്പ് ഉപയോക്താക്കളുടെ അനുവാദമില്ലാതെ ശേഖരിച്ചിട്ടുണ്ട്. ആഗോള തലത്തില്‍ 87 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഈ രീതിയില്‍ ശേഖരിച്ചിട്ടുണ്ട്.

 

Top