ഭാര്യയെ കൊണ്ട് സുഹൃത്തിനെ വിളിപ്പിച്ചു: അടിച്ചു കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: എറണാകുളം നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിനു സമീപം യുവാവിനെ സുഹൃത്തായ യുവതിയുടെ ഭർത്താവ് അടിച്ചു കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നു പുലർച്ചെയാണ് സംഭവമുണ്ടായത്. മർദനത്തിൽ അജയ് കുമാർ തളർന്നുവീണു. കുറച്ചുസമയം കഴിഞ്ഞ് അവിടെനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കവെ വീണ്ടും കുഴഞ്ഞുവീണു. പിന്നാലെ സുരേഷ് എത്തി വീണ്ടും മർദിക്കുകയായിരുന്നു. പാലക്കാട് പിരായിരി സ്വദേശിയാണ് മരിച്ച അജയ് കുമാർ. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ യുവതിയെ കാണാൻ അജയ് പാലക്കാട്ടു നിന്നെത്തി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.

ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശിയായ സുരേഷും കൊച്ചിയിൽ എത്തി. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. രാത്രിയിൽ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെക്കൊണ്ട് അജയ്കുമാറിനെ വിളിപ്പിച്ചു. ഭാര്യയെ കാറിൽ ഇരുത്തിയ ശേഷമാണ് സുരേഷ്, അജയ്കുമാറിനെ ഹോട്ടല്‍ മുറിയിൽനിന്ന് വിളിച്ചിറക്കി മർദിച്ചത്. തന്നെ കാണാനാണ് അജയ്കുമാർ വന്നതെന്നു യുവതി സമ്മതിച്ചിരുന്നു. സുഹൃത്തുക്കളാണെന്നും തനിക്കു നൽകാനുള്ള പണം നൽകാൻ എത്തിയതാണെന്നും യുവതി പറയുന്നു.

Top