Call off JNU students’ hunger strike, Delhi High Court tells Kanhaiya Kumar

ന്യൂഡല്‍ഹി: സര്‍വകലാശാലയില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം എത്രയും വേഗം അവസാനിപ്പിക്കാന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

സമരം അവസാനിപ്പിച്ചാല്‍ മാത്രമേ സര്‍വകലാശാലയുടെ അച്ചടക്കനടപടിക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി. കൂടാതെ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ അനുവദിക്കുമെന്നും സമരങ്ങള്‍ ഉണ്ടാവില്ലെന്നും കനയ്യ ഉറപ്പുനല്‍കണമെന്നും കോടതി പറഞ്ഞു.

സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ കഴിഞ്ഞ പതിനാറു ദിവസമായി നിരാഹാരസമരം നടത്തുന്ന വിദ്യാര്‍ത്ഥികളോട് സമരം അവസാനിപ്പിക്കാന്‍ വ്യക്തമായി പറയണം.

അവര്‍ സമരം അവസാനിപ്പിച്ചേ മതിയാകൂ. എത്രയും പെട്ടെന്നുതന്നെ നിങ്ങള്‍ സമരം അവസാനിപ്പിക്കണം. ആരും നിരാഹാരസമരത്തില്‍ ഉണ്ടാകരുത്. ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു. കൂടാതെ കനയ്യയുടെ അഭിഭാഷകയായ റെബേക്കാ ജോണിനോട് കനയ്യയോട് സമരം അവസാനിപ്പിക്കാന്‍ കുട്ടികളോട് പറയണമെന്ന് പറയാന്‍ കോടതി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളോട് നിങ്ങള്‍ (കനയ്യ) സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ അത് അനുസരിക്കും. ഞങ്ങളുടെ നിര്‍ദേശം നിങ്ങള്‍ അനുസരിക്കുമെങ്കില്‍ മാത്രം നിങ്ങളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കാം. അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല ഏര്‍പ്പെടുത്തിയ പിഴയെ വെല്ലുവിളിച്ചുകൊണ്ടാണ് കനയ്യയുടെ നേതൃത്വത്തിലുള്ളവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ സര്‍വകലാശാലയുടെ ഭാഗത്തു നിന്നുള്ള നടപടികളില്‍ നിന്നും സംരക്ഷണം നല്‍കാമെന്ന ഉറപ്പുലഭിക്കുമെങ്കില്‍ സമരം അവസാനിപ്പിക്കാമന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടുണ്ട്.

Top