കലിഫോർണിയയിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു, അക്രമി അറസ്‌റ്റിൽ

ലോസാഞ്ചലസ്: കാലിഫോർണിയയിലെ ഓറഞ്ചിൽ വെടിവെപ്പ്. ഒരു കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടു. വെസ്‌റ്റ് ലിങ്കൺ അവന്യൂവിൽ ബുധനാഴ്‌ച വൈകുന്നേരം 5.30 ഓടെ വെടിവെപ്പ് ഉണ്ടായത്. വെടിയുതിർത്തയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

ഓറഞ്ച് നഗരത്തിലെ ഒരു വ്യാവസായിക സമുച്ചയത്തിലാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് വിവരം. വെടിവെപ്പിൽ പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, നിരവധി പേർക്ക് പരിക്കേറ്റതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ഒരാൾ അറസ്‌റ്റിലായെന്നും പ്രദേശത്തെ സ്ഥിതിഗതികൾ ശാന്തമാണെന്നും പോലീസ് വ്യക്തമാക്കി. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. അറസ്‌റ്റിലായ വ്യക്തിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

അറസ്‌റ്റിലായ വ്യക്തിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. വെടിയുതിർക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. ഭയാനകമായ സംഭവമാണ് ഉണ്ടായതെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം ട്വിറ്ററിലൂടെ പറഞ്ഞു. ദുരന്തം ബാധിച്ച കുടുംബങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ മനസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Top