കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 79ആയി

wild-fire

സാന്‍ഫ്രാന്‍സിസ്‌കോ (യുഎസ്) : വടക്കന്‍ കാലിഫോര്‍ണിയയില്‍ നാശംവിതച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 79 ആയി. കാണാതായ ആയിരത്തിലേറെ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ കത്തിപ്പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു. വീടുകളുള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

ഈ ദിവസങ്ങളില്‍ സാന്‍ഫ്രാന്‍സിസ്‌കോയുടെ വടക്കന്‍ മേഖലകളില്‍ 10 സെന്റിമീറ്റര്‍ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. ഈ പ്രദേശത്തെ 52,000 പേരെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. ഇനിയും കണ്ടെത്താനുള്ളവരുടെ ശരീരാവശിഷ്ടങ്ങള്‍ വീണ്ടെടുക്കുന്നതിന് മഴ തടസ്സമാകും. വൂള്‍സേയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച് 3 പേരുടെ മരണത്തിനിടയാക്കിയ രണ്ടാമത്തെ കാട്ടുതീ 88% അണച്ചു.

കാലിഫോര്‍ണിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. പാരഡൈസ് പട്ടണത്തില്‍ നിരവധി വീടുകള്‍ ചാമ്പലായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചിരുന്നു.

Top