കാലിഫോര്‍ണിയയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീയില്‍ മരിച്ചവരുടെ എണ്ണം 71 ആയി

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്ത് പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 71 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച വരെയുള്ള കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. ആയിരത്തിലേറെപ്പേരെ കാണാനില്ലെന്ന് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കാണാതായവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന സൂചന.

ദുരന്തത്തില്‍ അഭയാര്‍ഥികളായവരെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കാലിഫോര്‍ണിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്. പാരഡൈസ് പട്ടണത്തില്‍ നിരവധി വീടുകള്‍ ചാമ്പലായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് രണ്ടരലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചിരുന്നു.

വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ കത്തിപ്പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു. വീടുകളുള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

Top