Calicut University

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരേ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥിനികളുടെ പരാതി സംബന്ധിച്ച് സര്‍വകലാശാല ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് കേസെടുത്തത്.

പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ അതിക്രമം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് സര്‍വകലാശാല നല്‍കിയിരിക്കുന്നത്. വിദ്യാര്‍ത്ഥിനികളുടെ ആരോപണം ഗൗരവമുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സര്‍വകലാശാല ക്യാമ്പസില്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കാന്‍ പൊലീസ് സഹായം തേടിയിട്ടുണ്ടെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

കാലിക്കറ്റ് സര്‍വകലാശാലയുടെ ക്യാമ്പസിലും ഹോസ്റ്റലിലും പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ എത്തി ശല്യം ചെയ്യുന്നെന്ന വാര്‍ത്തകള്‍ പുറത്തു വന്ന് തുടങ്ങിയിട്ട് ഏറെ നാളായി. പെണ്‍കുട്ടികള്‍ നിരന്തരം പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും ഇതിന്മേല്‍ മേല്‍നടപടികളൊന്നും സ്വീകരിക്കപ്പെട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ക്യാമ്പസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കുകയും ക്യാമ്പസിനുള്ളില്‍ ആകാശംമുട്ടുവോളം പരാതി എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കുകയും ചെയ്തത്.

Top