പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കുന്നു; കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇനി വിദൂര വിദ്യാഭ്യാസം

calicut

കോഴിക്കോട്: പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല ഒരുങ്ങുന്നു. നിലവില്‍ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ഥികള്‍ വിദൂര വിദ്യാഭ്യസ രീതിയിലേക്ക് മാറണമെന്നും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

ഇതോടെ പ്രൈവറ്റായി രജിസ്‌ട്രേഷന്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ഥികള്‍ ആശങ്കയിലായിരിക്കുകയാണ്. വിദൂര പഠനരീതിയിലേക്ക് മാറിയാല്‍ വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് അധിക ഫീസ് നല്‍കുകയും വേണം.

റെഗുലര്‍, പ്രൈവറ്റ്, ഡിസ്റ്റന്‍സ് എന്നീ രീതിയിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്. ഇതില്‍ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്റെ അംഗീകാരം യുജിസി നേരത്തെ റദ്ദാക്കിയിരുന്നുവെങ്കിലും പ്രതിഷേധം ഉയര്‍ന്നതോടെ സര്‍വകലാശാല തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സംവിധാനം നിര്‍ത്തുന്നതായി സര്‍വകലാശാലയുടെ സര്‍ക്കുലര്‍ വന്നത്.

മലബാര്‍ മേഖലയില്‍ ബിരുദസീറ്റുകള്‍ കുറവായതിനാല്‍ സഹകരണ, പ്രൈവറ്റ് കോളേജുകളിലാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പഠിക്കുന്നത്. സര്‍വ്വകലാശാലയുടെ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ്.

തീരുമാനം പ്രാബല്യത്തിലാവുന്നതോടെ പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുള്‍പ്പടെ എല്ലാവരും വിദൂര വിദ്യാഭ്യാസത്തിലേക്ക് മാറേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.സര്‍ട്ടിഫിക്കറ്റില്‍ ഡിസ്റ്റന്‍സ് എന്ന് രേഖപ്പെടുത്തുന്നതിനാല്‍ രാജ്യത്തിനു പുറത്തുപോയി പഠിക്കാനും ജോലിനേടാനുമുള്ള അവസരവും നഷ്ടമാകും.Related posts

Back to top