കാലിക്കറ്റ് സര്‍വ്വകലാശാല ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവെച്ചു

exam

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ജനുവരി ഒന്നിന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.

വനിതാ മതിലില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുവാനായി സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നു എന്ന ആരോപണം ഉയര്‍ന്നു വരുന്നതിനിടയിലാണ് കാലിക്കറ്റ് സര്‍വ്വകലാശാലയുടേയും പരീക്ഷ മാറ്റിവെക്കല്‍ എന്നത് ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം മതിലിനായി പരീക്ഷ മാറ്റിയത് ദൗര്‍ഭാഗ്യകരവും തെറ്റുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. മതില്‍ പൊളിയുമെന്ന് കണ്ടപ്പോഴാണ് അവധി നല്‍കിയത്. മതിലിനായി സര്‍ക്കാര്‍ ഡോക്ടര്‍മാരേയും ആംബുലന്‍സുകളും ഉപയോഗിക്കുന്നു. വനിതാ മതിലിനായി സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തെറ്റെന്നും ചെന്നിത്തല പ്രതികരിച്ചു.

അതേസമയം, വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റിയതായി ഇന്നലെ അറിയിപ്പുണ്ടായിരുന്നു . ജനുവരി 1ലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല നല്‍കുന്ന വിശദീകരണം. എന്നാല്‍ ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകള്‍ തുറക്കുന്നത് 31നുമാണ്.

Top