തിരുവനന്തപുരം: കാലിക്കറ്റ് സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടപടികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേ ചെയ്തു. ഗവര്‍ണര്‍ നാമനിര്‍ദേശം നല്‍കിയ അധ്യാപകരുടെ പത്രിക തള്ളിയതിനെ തുടര്‍ന്നാണു നടപടി. പത്രിക തള്ളിയത് സംബന്ധിച്ച് വി.സി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഗവര്‍ണറുടെ ഇടപെടല്‍. ഗവര്‍ണര്‍ നാമനിര്‍ദേശം നല്‍കിയ ഡോ. പി. രവീന്ദ്രന്‍, ഡോ. ടി.എം വാസുദേവന്‍ എന്നിവരുടെ പത്രികയാണ് റിട്ടേണിങ് ഓഫിസര്‍ കൂടിയായ രജിസ്ട്രാര്‍ തള്ളിയത്. രണ്ടുപേരും അധ്യാപക മണ്ഡലത്തില്‍നിന്നു മത്സരിച്ചു ജയിച്ചുവന്നവരല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാല്‍, വാസുദേവനെ വകുപ്പു മേധാവി എന്ന നിലയിലും രവീന്ദ്രനെ ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് നാമനിര്‍ദേശം നല്‍കിയതെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. സര്‍വകലാശാലാ ചട്ടപ്രകാരം സെനറ്റ് അംഗങ്ങള്‍ക്ക് സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും പത്രിക സമര്‍പ്പിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്.