എഫ്.ബി പോസ്റ്റിട്ട പൊലീസുകാരന് എതിരെ നടപടി ഇല്ലങ്കിൽ പൊട്ടിത്തെറി ?

facebook-

തിരുവനന്തപുരം : കോഴിക്കോട് കമ്മീഷണര്‍ക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട പൊലീസുകാരന് എതിരായ നടപടി ലഘൂകരിക്കാനുള്ള നീക്കത്തില്‍ വ്യാപക പ്രതിഷേധം.

അത്തരം നിലപാട് ഉണ്ടായാല്‍ ശക്തമായി പ്രതികരിക്കാനാണ് ഐ.പി.എസുകാരുടെ തീരുമാനം. ഈ നിലപാടിനൊപ്പം തന്നെയാണ് എസ്.ഐ മുതല്‍ ഉള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥരും.

അച്ചടക്കമുള്ള സേനയില്‍ ഒരു പൊലീസുകാരന്‍ ചെയ്ത തെറ്റായ പ്രവര്‍ത്തിക്ക് മുഖ്യമന്ത്രി കൂട്ട് നില്‍ക്കില്ലന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ ഐ.പി.എസ് അസോസിയേഷന്‍ തന്നെ രംഗത്ത് വരും.

അച്ചടക്ക നടപടി നീണ്ടു പോയതിലും വലിയ അമര്‍ഷം ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. കര്‍ക്കശ നടപടി ഉണ്ടായില്ലങ്കില്‍ മറ്റു പൊലീസുകാരും ഇത്തരം നടപടി സ്വീകരിക്കുമെന്നും മൊത്തം കുളമാകുമെന്നും അവര്‍ ഭയപ്പെടുന്നുണ്ട്.

ഒരു കമ്മീഷണര്‍ തന്നെ നേരിട്ട് പൊലീസുകാരന് എതിരെ നടപടി ആവശ്യപ്പെട്ടിട്ടും സംഭവത്തില്‍ മെല്ലെപ്പോക്ക് നിലപാട് സ്വീകരിച്ച ഡി.ജി.പിയുടെയും ക്രൈംബ്രാഞ്ച് മേധാവിയുടെയും നടപടിയും ഐ.പി.എസുകാരെ രോഷാകുലരാക്കിയിട്ടുണ്ട്.

അടുത്തയിടെ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കോഴിക്കോട് നഗരത്തില്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിലെ പൊലീസുകാരനായ ഉമേഷ് വള്ളിക്കുന്ന് കമീഷണര്‍ക്കെതിരെ എഫ്.ബി പോസ്റ്റിട്ടത്. കമ്മീഷണര്‍ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഫെയ്‌സ് ബുക്ക് പേജില്‍ ഉണ്ടായിരുന്നത്. സ്‌പോട്ടില്‍ സസ്‌പെന്റ് ചെയ്യേണ്ട കാര്യമാണ് വലിച്ചു നീട്ടി ലഘൂകരിക്കാന്‍ ശ്രമിക്കുന്നത്.

സംഘര്‍ഷമുണ്ടായ സ്ഥലങ്ങളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ ഒഴിവാക്കി കമ്മീഷണറുടെ മേല്‍ എല്ലാ പാപഭാരവും ചുമത്തിയതിനു പിന്നില്‍ ചില ബാഹ്യ ഇടപെടല്‍ നടന്നതായാണ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

Top