ജില്ല വിടാന്‍ ആര്‍ആര്‍ടിയെ അറിയിക്കണം; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കോഴിക്കോട്: ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഭരണകൂടം. തൂണേരിയില്‍ അമ്പതോളം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇത്. മരണവീടുകളില്‍ നിന്നാണ് തൂണേരിയില്‍ രോഗം പകര്‍ന്നത്. കണ്ണൂരിലേയും കോഴിക്കോടേയും വീടുകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന്കളക്ടര്‍ അറിയിച്ചു

ഈ സാഹചര്യത്തില്‍ ജില്ലയിലെ കൂടിച്ചേരലുകള്‍ക്ക് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങളിലും പരിപാടികളിലും പത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. പരിപാടിക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം.

വിവാഹ പരിപാടികളില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. മരണവീടുകളിലും കര്‍ശന നിയന്ത്രണം തുടരും. 20 പേരില്‍ കൂടുതല്‍ ആളുകളില്‍ മരണവീടുകളില്‍ എത്തുന്നില്ല എന്ന് ഉറപ്പ് വരുത്തും. ഇതിന് പുറമെ ജില്ല വിട്ട് പോവുന്നവര്‍ ആര്‍.ആര്‍.ടിയെ അറിയിക്കണമെന്നും, ഗ്രാമപ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില് നിയന്ത്രണങ്ങള്‍ ലംഘിച്ച് എത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Top